by webdesk3 on | 25-09-2025 01:03:37 Last Updated by webdesk3
തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയിലെ വിലക്ക് തുടരാന്‍ ഹൈക്കോടതി ഉത്തരവ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേശീയ പാത അതോറിറ്റിക്ക് (NHAI) കോടതി നിര്‍ദേശം നല്‍കി. കേസില്‍ ഹര്‍ജി ഈ മാസം 30ന് വീണ്ടും പരിഗണിക്കും.
ഇന്നലെ നടന്ന വിചാരണയില്‍ മുരിങ്ങൂര്‍, അമ്പലൂര്‍ മേഖലയില്‍ ബ്ലോക്ക് ഉണ്ടായിരുന്നുവെന്ന് കളക്ടര്‍ കോടതിയെ അറിയിച്ചു. ബ്ലോക്കിന്റെ ദൈര്‍ഘ്യം സംബന്ധിച്ച കോടതി ചോദ്യം ചെയ്തപ്പോള്‍, അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ തടസ്സമുണ്ടായിരുന്നുവെന്നാണ് മറുപടി.
സുരക്ഷാ പ്രശ്‌നങ്ങളെ ലഘൂകരിച്ച് കാണാനാകില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍, പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന ഉറപ്പാണ് NHAI നല്‍കിയത്.
കഴിഞ്ഞ 51 ദിവസമായി പാലിയേക്കരയില്‍ ടോള്‍ വിലക്ക് തുടരുകയാണ്. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് ഒരു മാസം മുമ്പ് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ ടോള്‍ പിരിവ് തടഞ്ഞിരുന്നു. ജനവികാരം മാനിച്ചാണ് കോടതി ഇടപെട്ടതെന്നും, ടോള്‍ പുനരാരംഭിച്ചാലും 50% മാത്രം ഈടാക്കാന്‍ അനുവാദം നല്‍കണമെന്ന് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും പരാതിക്കാര്‍ അറിയിച്ചു.