by webdesk2 on | 25-09-2025 09:40:01 Last Updated by webdesk3
കൊച്ചി: നികുതി വെട്ടിച്ച് ആഡംബര വാഹനങ്ങള്‍ കടത്തിക്കൊണ്ടുവന്ന കേസായ ഓപ്പറേഷന്‍ നംഖോറുമായി ബന്ധപ്പെട്ട് നടന്‍ അമിത് ചക്കാലക്കലിനെ വിശദമായി ചോദ്യം ചെയ്യാന്‍ കസ്റ്റംസ് വീണ്ടും വിളിപ്പിക്കും. കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള വാഹനക്കടത്ത് സംഘവുമായി അമിതിനുള്ള ബന്ധത്തെക്കുറിച്ചും, താരങ്ങള്‍ക്ക് വാഹനം എത്തിച്ചുനല്‍കിയതിലെ പങ്ക് സംബന്ധിച്ചുമുള്ള വിവരങ്ങള്‍ ശേഖരിക്കാനാണ് കസ്റ്റംസിന്റെ നീക്കം.
കുണ്ടന്നൂരിലെ വര്‍ക്ക്ഷോപ്പില്‍ നിന്ന് പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസറിന്റെ ആര്‍.സി. വിലാസം വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് അന്വേഷണം കൂടുതല്‍ ശക്തമാക്കിയത്. അസം സ്വദേശി മാഹിന്‍ അന്‍സാരിയുടെ പേരിലുള്ള ഈ വാഹനത്തിന് യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരാളില്ലെന്നും കസ്റ്റംസ് വ്യക്തമാക്കി. വാഹനത്തിന്റെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.
ഓപ്പറേഷന്‍ നംഖോര്‍ റെയ്ഡ് ഇന്നും തുടരുമെന്ന് കസ്റ്റംസ് അറിയിച്ചു. ഇതുവരെ 38 വാഹനങ്ങളാണ് പിടിച്ചെടുത്തത്. റെയ്ഡിനെത്തുടര്‍ന്ന് കള്ളക്കടത്ത് വാഹനങ്ങള്‍ പലരും ഒളിപ്പിക്കാനും വില്‍ക്കാനും ശ്രമിച്ചതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ജൂണില്‍ വാഹനക്കടത്ത് റാക്കറ്റുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശികളായ മൂന്ന് പേരെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. വിദേശത്തുനിന്ന് 150-ലധികം സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ കേരളത്തിലെത്തിച്ചിട്ടുണ്ടെന്ന് ഇവര്‍ മൊഴി നല്‍കിയിരുന്നു. അന്ന് 10 വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തത്.