by webdesk2 on | 25-09-2025 07:58:46 Last Updated by webdesk2
സിപിഐഎം നേതാവ് കെ. ജെ. ഷൈനെതിരായ സൈബര്‍ അധിക്ഷേപ പരാതിയില്‍ കൊണ്ടോട്ടി അബു എന്ന യാസര്‍ എടപ്പാളിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ അന്വേഷണസംഘം. മൂന്നാം പ്രതിയായ യാസറിനോട് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിയില്ല. ഇന്ന് തന്നെ വിമാനത്താവളങ്ങളിലേക്കുള്ള ലുക്ക് ഔട്ട് സര്‍ക്കുലറിനുള്ള നടപടികള്‍ തുടങ്ങും.
ഒന്നാം പ്രതി ഗോപാലകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ആവശ്യപ്പെട്ട റിപ്പോര്‍ട്ട് ഇന്നോ നാളെയോ സമര്‍പ്പിക്കും. പിടിച്ചെടുത്ത ഫോണുകളും മെമ്മറി കാര്‍ഡും കോടതിയില്‍ ഹാജരാക്കിയ ശേഷം ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. അധിക്ഷേപ പോസ്റ്റുകളുടെ ഉറവിടത്തെക്കുറിച്ച് മെറ്റയില്‍ നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുന്നതടക്കമുള്ള നടപടികളിലേക്ക് അന്വേഷണസംഘം കടക്കും.
ഇന്നലെ കെ എം ഷാജഹാന്‍ ആലുവ സൈബര്‍ സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. യൂട്യൂബ് ചാനലിലേക്കുള്ള വീഡിയോ ചിത്രീകരിക്കാന്‍ ഉപയോഗിച്ച മെമ്മറി കാര്‍ഡ് അടക്കം ഷാജഹാന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കി. അന്വേഷണസംഘത്തിന് മുന്നില്‍ ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയിട്ടുണ്ടെന്ന് കെഎം ഷാജഹാന്‍ പറഞ്ഞു.