by webdesk2 on | 24-09-2025 11:07:07 Last Updated by webdesk3
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നടന്ന സാമ്പത്തിക തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കി. ദിയ കൃഷ്ണയുടെ ആഭരണക്കടയായ ഒ ബൈ ഓസിയില്‍ നടന്ന സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം ഉടന്‍ തന്നെ കോടതിയില്‍ സമര്‍പ്പിക്കും. ജീവനക്കാര്‍ 30 ലക്ഷം രൂപ തട്ടിയെടുത്തതായി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
സ്ഥാപനത്തിലെ ജീവനക്കാരികളായ ദിവ്യ, രാധാകുമാരി, വിനീത, വിനീതയുടെ ഭര്‍ത്താവ് ആദര്‍ശ് എന്നിവരെയാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. കടയുടെ ക്യു ആര്‍ കോഡില്‍ കൃത്രിമം കാണിച്ച് മൂന്ന് ജീവനക്കാരികള്‍ പണം തട്ടിയെടുത്തു എന്നതായിരുന്നു കേസ്. ദിയയുടെ അറിവില്ലാതെ സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ നിന്ന് സ്വന്തം അക്കൗണ്ടുകളിലേക്ക് പണം മാറ്റിയ ശേഷം ജീവനക്കാര്‍ ഇത് പങ്കിട്ടെടുക്കുകയായിരുന്നു.
കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ, ജീവനക്കാര്‍ ദിയ കൃഷ്ണയ്ക്കും പിതാവ് കൃഷ്ണകുമാറിനുമെതിരെ തട്ടിക്കൊണ്ടുപോകല്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ രൂക്ഷമായ ആരോപണ-പ്രത്യാരോപണങ്ങള്‍ അരങ്ങേറിയിരുന്നു. ജീവനക്കാര്‍ കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍, കുറ്റം സമ്മതിക്കുന്ന ജീവനക്കാരുടെ വീഡിയോ പുറത്തുവിട്ടുകൊണ്ട് കൃഷ്ണകുമാറിന്റെ കുടുംബം ഇതിനെ പ്രതിരോധിച്ചിരുന്നു.