by webdesk2 on | 23-09-2025 07:04:02 Last Updated by webdesk2
ന്യൂഡല്‍ഹി: മലയാളികളുടെ അഭിമാനം വാനോളമുയര്‍ത്തി ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ് ഏറ്റുവാങ്ങി മലയാളത്തിന്റെ മോഹന്‍ലാല്‍. ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ വച്ചായിരുന്നു രാഷ്ട്രപതി മോഹന്‍ലാലിന് പുരസ്‌കാരം സമ്മാനിച്ചത്.
എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമയെന്നും പുരസ്‌കാരം മലയാള സിനിമയ്ക്കാകെ സമര്‍പ്പിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഈ നിമിഷം തന്റേത് മാത്രമല്ലെന്നും ഇത് മലയാള സിനിമ കുടുംബത്തിന്റേതാകെയാണെന്നും പറഞ്ഞ മോഹന്‍ലാല്‍ അവാര്‍ഡ് തന്റെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നുവെന്നും പറഞ്ഞു.
ഇത് അഭിമാനത്തിന്റേയും കൃതജ്ഞതയുടേയും നിമിഷമാണെന്ന് പറഞ്ഞുകൊണ്ടാണ് അവാര്‍ഡ് ഏറ്റുവാങ്ങിയതിന് ശേഷമുള്ള പ്രസംഗം മോഹന്‍ലാല്‍ ആരംഭിച്ചത്. ഈ അവാര്‍ഡ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് താനെന്നും കേരളത്തില്‍ നിന്നും ഈ പുരസ്‌കാരത്തിന് അര്‍ഹനായ രണ്ടാമത്തെ വ്യക്തിയാണ് താനെന്നും മോഹന്‍ലാല്‍ പ്രസംഗത്തില്‍ പറഞ്ഞു.
പ്രസംഗം മുഴുവന്‍ ഇംഗ്ലീഷിലായിരുന്നെങ്കിലും എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമയെന്ന് അദ്ദേഹം മലയാളത്തില്‍ പറഞ്ഞു. അവാര്‍ഡിനെ മലയാള സിനിമയിലെ തന്റെ പൂര്‍വികരുടെ അനുഗ്രഹമായി കാണുന്നുവെന്നും കലയെ ഉള്‍ക്കാള്‍ച്ചയോടെയും സ്നേഹത്തോടെയും സ്വീകരിച്ച ബുദ്ധിയുള്ള മലയാള പ്രേക്ഷകര്‍ക്ക് കൂടി അവാര്‍ഡ് സമര്‍പ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊഴിഞ്ഞിട്ടും ഇന്നും സുഗന്ധം വിടര്‍ത്തുന്ന മലയാള സിനിമയുടെ മണ്‍മറഞ്ഞ മഹാരഥന്മാരെ ഓര്‍ത്തുകൊണ്ട് കുമാരനാശാന്റെ വീണപൂവിലെ ഈരടികള്‍ കൂടി ചൊല്ലിയാണ് മോഹന്‍ലാല്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
അഞ്ച് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമ നേടിയത്. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്‌കാരം ഉള്ളൊഴുക്കിന് ലഭിച്ചു. പൂക്കാലം സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഉര്‍വശിയും സ്വന്തമാക്കി. മികച്ച എഡിറ്റര്‍ പുരസ്‌കാരത്തിന് പൂക്കാലം സിനിമയുടെ എഡിറ്റര്‍ മിഥുന്‍ മുരളിയാണ് അര്‍ഹനായത്. നോണ്‍ ഫീച്ചര്‍ സിനിമ വിഭാഗത്തില്‍ എം കെ രാംദാസ് സംവിധാനം ചെയ്ത നെകല്‍ തിരഞ്ഞെടുക്കപ്പെട്ടു. പുരസ്‌കാര വിതരണത്തിനു ശേഷം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അശ്വിനി വൈഷ്ണവ് ഒരുക്കുന്ന അത്താഴ വിരുന്നിലും അവാര്‍ഡ് ജേതാക്കള്‍ പങ്കെടുക്കും.