by webdesk3 on | 23-09-2025 03:20:45
തിരുവനന്തപുരം കടപ്പനക്കുന്നില്‍ ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ കടയുടമ പൊന്നയ്യന് പരിക്കേറ്റു. പഴം പഴുത്തില്ലെന്നാരോപിച്ച് നടന്ന വാക്കുതര്‍ക്കത്തിനിടെയാണ് സംഭവം. സംഘം മദ്യലഹരിയിലായിരുന്നുവെന്നും, യാതൊരു പ്രകോപനവുമില്ലാതെ തന്നെ മര്‍ദ്ദിച്ചതെന്നും കടയുടമ അറിയിച്ചു.
തിങ്കളാഴ്ച രാത്രി 12.30ഓടെയാണ് സംഭവം. ഗുണ്ടാസംഘം പ്രദേശത്ത് വ്യാപകമായി അക്രമം അഴിച്ചുവിട്ടു. വീടുകളിലേക്ക് പടക്കം എറിഞ്ഞ സംഘാംഗങ്ങള്‍ വഴിയിലുണ്ടായിരുന്ന വാഹനങ്ങളെ അടിച്ചുതകര്‍ത്തു. മൂന്ന് ഓട്ടോറിക്ഷകളും രണ്ട് കാറുകളും ഒരു ബൈക്കും ആക്രമണത്തില്‍ കേടുപാടുകള്‍ക്ക് വിധേയമായി.
ബൈക്കില്‍ സഞ്ചരിച്ച സംഘത്തോട് പതിയെ പോകണമെന്ന് ആവശ്യപ്പെട്ടതാണ് സംഘത്തെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തില്‍ ഉള്‍പ്പെട്ട നാലുപേരെ പൊലീസ് തമ്പാനൂരില്‍ നിന്ന് പിടികൂടി. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇനിയും മൂന്ന് പ്രതികളെ പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. പിടിയിലായവര്‍ സ്ഥിരം കുറ്റവാളികളാണെന്നും ഗുണ്ടാസംഘത്തിന്റെ ഭാഗമാണെന്നും പൊലീസ് സ്ഥിരീകരിച്ചു.