by webdesk2 on | 22-09-2025 08:58:03 Last Updated by webdesk2
മുന്‍ മാനേജരെ മര്‍ദിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് സമന്‍സ് അയച്ച് കോടതി. കാക്കനാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയാണ് സമന്‍സ് അയച്ചത്. ഒക്ടോബര്‍ 27 ന് ഹാജരാകണമെന്നാണ് നിര്‍ദേശം. കേസിന്റെ വിചാരണ നടപടികള്‍ക്ക് മുന്നോടിയായാണ് ഉണ്ണി മുകുന്ദനോട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കേസില്‍ നേരത്തെ ഇന്‍ഫോപാര്‍ക്ക് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കുറ്റപത്രം സമര്‍പ്പിച്ച പശ്ചാത്തലത്തില്‍ കേസിലെ പ്രതി കോടതിയില്‍ ഹാജരായി ജാമ്യം എടുക്കണം. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്. മുന്‍ മാനേജര്‍ എന്ന് വിശേഷിപ്പിക്കുന്ന വിപിനെ വിളിച്ചുവരുത്തി മര്‍ദിച്ചുവെന്നാണ് പരാതിയും എഫ്‌ഐആറും. എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഉണ്ണി മുകുന്ദന്‍ രൂക്ഷമായ മര്‍ദനം നടത്തിയിട്ടില്ല എന്നാണ് കുറ്റപത്രം.
2018 ല്‍ പിആര്‍ഒ എന്ന നിലയിലാണ് വിപിന്‍കുമാറിനെ പരിചയപ്പെട്ടത്. ഇതുവരെ പേഴ്സണല്‍ മാനേജരായി നിയമിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു. വിപിനെ താന്‍ തല്ലിയിട്ടില്ലെന്നും പരാതിക്കാരന്റെ മുഖത്തെ കണ്ണാടി വലിച്ചെറിഞ്ഞത് വൈകാരിക പ്രകടനമെന്നുമായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം.