by webdesk2 on | 22-09-2025 07:49:19 Last Updated by webdesk2
ശബരിമലയില്‍ ദ്വാരപാലകരുടെ സ്വര്‍ണ്ണ പാളികള്‍ സ്ഥാപിച്ചില്ല. തുലാമാസ പൂജകള്‍ക്കായി നട തുറക്കുമ്പോള്‍ ആയിരിക്കും ചടങ്ങ് നടക്കുക. അതുവരെ സ്വര്‍ണ്ണപ്പാളികള്‍ സ്റ്റോര്‍ റൂമില്‍ സൂക്ഷിക്കും. ശ്രീകോവിലിന്റെ വാതിലും അടുത്തമാസം നട തുറക്കുമ്പോള്‍ അറ്റകുറ്റപ്പണി നടത്തും. ഹൈക്കോടതിയുടെ കൂടി അനുമതി വാങ്ങിയ ശേഷം ആയിരിക്കും തുടര്‍നടപടികള്‍.
കന്നി മാസ പൂജകള്‍ക്കായി നട തുറക്കുന്ന സമയത്ത് അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി സ്വര്‍ണപാളികള്‍ തിരികെ സ്ഥാപിക്കുമെന്നായിരുന്നു ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നത്. പക്ഷേ അയ്യപ്പ സംഗമം നടന്നതിന് ശേഷം ഒരു ദിവസം മാത്രമാണ് നട തുറന്നിട്ടുണ്ടായിരുന്നത്. അതുകൊണ്ടാണ് തുലാ മാസ പൂജകള്‍ നടക്കുന്ന ഘട്ടത്തില്‍ സ്വര്‍ണ പാളികള്‍ തിരികെ സ്ഥാപിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. സന്നിധാനത്തെ ദേവസ്വം സ്റ്റോറില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണ്ണപ്പാളി ശുദ്ധികലശം നടത്തിയതിന് ശേഷമായിരിക്കും തിരികെ സ്ഥാപിക്കുക.
ആഗോള അയ്യപ്പ സംഗമം സമാപിച്ച് മാധ്യമങ്ങളടക്കം മടങ്ങിയ ശേഷം അതീവ രഹസ്യമായാണ് ദേവസ്വം ബോര്‍ഡ് സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് എത്തിച്ചത്. ഓണക്കാലത്തെ പ്രത്യേക പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചതിന് ശേഷമാണു ശ്രീകോവിലിന് മുന്നിലെ സ്വര്‍ണപ്പാളി അറ്റകുറ്റപ്പണികള്‍ക്കായി ഇളക്കി മാറ്റിയത്.