by webdesk2 on | 22-09-2025 07:41:43 Last Updated by webdesk2
രാജ്യത്ത് GST പരിഷ്‌കാരം പ്രാബല്യത്തില്‍ വന്നു. നാല് സ്ലാബുകളുള്ളത് രണ്ടായി കുറയുമ്പോള്‍ ജനങ്ങള്‍ക്ക് അത് വലിയ നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അവശ്യ വസ്തുക്കള്‍ക്ക് വില കുറയും. പാല്‍, പനീര്‍ മുതല്‍ തേയില, കാപ്പിപ്പൊടി അടക്കം കുഞ്ഞു കാറുകള്‍ക്കു വരെ വലിയ വിലക്കുറവാണ് പ്രതീക്ഷിക്കുന്നത്.
ഇനി മുതല്‍ അഞ്ച് ശതമാനവും പതിനെട്ട് ശതമാനവും മാത്രമാണ് ജിഎസ്ടി സ്ലാബുകള്‍. പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍ വരുന്നതോടെ അവശ്യ വസ്തുക്കളായ പാലും പനീറും ഉള്‍പ്പെടെ നിരവധി വസ്തുക്കള്‍ക്ക് ജിഎസ്ടി ഉണ്ടാകില്ല. നെയ് മുതല്‍ പനീര്‍ വരെ 700 ഉത്പന്നങ്ങള്‍ക്ക് വില കുറച്ചെന്ന് അമുല്‍ അറിയിച്ചു.
തേയിലയും കാപ്പിപ്പൊടിയും 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനം സ്ലാബിലേക്ക് മാറുകയാണ്. ബിസ്‌ക്കറ്റിനും ഐസ്‌ക്രീമിനും ചോക്ലേറ്റിനും കോണ്‍ഫ്‌ലേക്‌സിനും മറ്റ് ബേക്കറി ഉത്പന്നങ്ങള്‍ക്കും വില കുറയും. 18ശതമാനം സ്ലാബില്‍ നിന്ന് ഇവ അഞ്ച് ശതമാനത്തിലേക്ക് മാറും. സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ക്കും ഇല്‌ക്ട്രോണിക് ഉത്പ്പന്നങ്ങള്‍ക്കും വലിയതോതില്‍ വിലകുറയും. സോണിയും സാംസങ്ങും എല്‍ജിയും ഉള്‍പ്പടെയുള്ള മുന്‍നിര കമ്പനികള്‍ ഇതിനകം തന്നെ പുതുക്കിയ വില പുറത്തുവിട്ടു കഴിഞ്ഞു.
കാറുകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കുമാണ് വലിയ വിലക്കുറവിണ്ടാവുക. കുഞ്ഞു വാഹനങ്ങളുടെ ജിഎസ്ടി 18 ശതമാനമായി കുറയുകയാണ്. ടാറ്റ, ഹ്യുണ്ടായ്, മാരുതി, ഉള്‍പ്പെടെയുള്ള കമ്പനികള്‍ വിലക്കിഴിവ് പ്രഖ്യാപിച്ചു കഴിഞ്ഞു. സിമന്റിന്റെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചത് വീട് പണിയുന്നവര്‍ക്ക് ആശ്വാസമാകും. ജീവന്‍ രക്ഷാ മരുന്നുകള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സിനും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും ചെലവ് കുറയും.
സിഗരറ്റിനും മദ്യത്തിനും ലക്ഷ്വറി വാഹനങ്ങള്‍ക്കുമാണ് പുതുക്കിയ ജിഎസ്ടി പ്രകാരം വില വര്‍ദ്ധിക്കുക. 40 ശതമാനം സിന്‍ ടാക്‌സ് ആണ് ലഹരി വസ്തുക്കള്‍ക്കു മുകളില്‍ ചുമത്തുക. ഇളവുകള്‍ ജനങ്ങള്‍ക്കുള്ള നവരാത്രി സമ്മാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.