by webdesk3 on | 21-09-2025 04:19:30 Last Updated by webdesk2
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമിട്ട് രാഷ്ട്രീയ ദുഷ്ടലാക്കോടെ സംഘടിപ്പിച്ച അയ്യപ്പ സംഗമം ഒടുവില്‍ പ്രഹസനമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. സംഗമവേദിയിലെ ഒഴിഞ്ഞ കസേരകള്‍ തന്നെ സര്‍ക്കാരിന്റെ പരാജയത്തിന്റെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒഴിഞ്ഞ കസേരകള്‍ എ.ഐ നിര്‍മ്മിതിയാണെന്ന് പറഞ്ഞ് ജനങ്ങളുടെ പൊതുബോധ്യത്തെ അപമാനിക്കാന്‍ ശ്രമിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ സ്വയം അപഹാസ്യനാകരുത്. യോഗി ആദിത്യനാഥിന്റെ ആശംസ അഭിമാനത്തോടെ വായിച്ചതിലൂടെ സര്‍ക്കാര്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും ചോദിക്കേണ്ടിവരുന്നു, - വി.ഡി. സതീശന്‍ പറഞ്ഞു.
ശബരിമലയിലെ ആചാരലംഘനത്തിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ കര്‍മ്മികത്വത്തിലാണ് സംഗമം രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തിയതെന്നും, എന്നാല്‍ അയ്യപ്പഭക്തര്‍ അത് തിരിച്ചറിഞ്ഞതിനാലാണ് ചടങ്ങ് ജനപങ്കാളിത്തം ഇല്ലാതെ പരാജയപ്പെട്ടതെന്നും അദ്ദേഹം വിമര്‍ശിച്ചു.
സര്‍ക്കാര്‍ അവകാശപ്പെട്ടതിന്റെ നാലിലൊന്ന് പേര്‍ പോലും സംഗമത്തിനെത്തിയില്ല. ദേവസ്വം ബോര്‍ഡ് ജീവനക്കാരും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്റ്റാഫ് അംഗങ്ങളും ഉദ്യോഗസ്ഥരുമാണ് ഭൂരിഭാഗവും സദസിലുണ്ടായത്. ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ ലോകം കണ്ടു. പിന്നീട് അതിനെ എ.ഐ ചിത്രമെന്ന് പറഞ്ഞത് പൊതുജനത്തെ അപമാനിക്കലാണ്. ആഗോള വിജയമായ സംഗമം എന്ന് ഗോവിന്ദന്‍ പറഞ്ഞത് പോലും പിണറായി വിജയനെ പരിഹസിച്ചതാണോ എന്ന് സംശയിക്കേണ്ടി വരുന്നു, - വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി.