by webdesk2 on | 21-09-2025 08:31:43 Last Updated by webdesk3
സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്‌ക ജ്വര വ്യാപനം. ഇന്നലെ മലപ്പുറം കാരക്കോട് മാടമ്പ്ര സ്വദേശിയായ 13 കാരന് കൂടി രോഗം സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. നിലവില്‍ 9 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.
കഴിഞ്ഞ ദിവസം മരിച്ച തൃശൂര്‍ ചാവക്കാട് സ്വദേശി റഹീമിന് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇയാള്‍ ജോലി ചെയ്തിരുന്ന പന്നിയങ്കരയിലെ ശ്രീനാരായണ ഹോട്ടലിന് കോര്‍പ്പറേഷന്‍ ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവര്‍ത്തന വിലക്ക് ഏര്‍പ്പെടുത്തി.കഴിഞ്ഞ 14ന് ഇയാളുടെ കൂടെ താമസിച്ച് ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി ശശിയും മരിച്ചിരുന്നു. അടുത്തടുത്ത ദിവസങ്ങളില്‍ രണ്ട് മരണമുണ്ടായതിനാല്‍ കരുതല്‍ നടപടി എന്ന നിലയിലാണ് നിര്‍ദേശം.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം വര്‍ധിച്ച സാഹചര്യത്തില്‍, രോഗം കണ്ടെത്തിയ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് ക്ലോറിനേഷന്‍ നടപടികളും ബോധവല്‍ക്കരണവും ശക്തമാക്കിയിട്ടുണ്ട്. രോഗത്തെ നേരിടാന്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മരുന്നും, മറ്റ് ചികിത്സ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു.