by webdesk2 on | 21-09-2025 08:24:40 Last Updated by webdesk2
സംസ്ഥാന സര്‍ക്കാറിന്റെ ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ഹൈന്ദവ സംഘടനകള്‍ നടത്തുന്ന ശബരിമല സംരക്ഷണ സംഗമം നാളെ പന്തളത്ത്. വിവിധ ഹൈന്ദവ സംഘടനകളും ശബരിമലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന സംഘടനകളും പരിപാടികളുടെ ഭാഗമാകും. തമിഴ്‌നാട് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമല പരിപാടി ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ആഗോള സംഗമം പൊളിഞ്ഞു എന്നാണ് പ്രതിപക്ഷ സംഘടനകള്‍ പറയുന്നത്. എന്നാല്‍ പരിപാടി വന്‍ വിജയമാണെന്നും പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ പങ്കെടുത്തുവെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. സംഗമത്തില്‍ പ്രതീക്ഷിച്ച പ്രതിനിധികള്‍ എത്തിയില്ല. രജിസ്റ്റര്‍ ചെയ്തതില്‍ 623 പേര്‍ മാത്രമാണ് വേദിയില്‍ എത്തിയത്.ഓണ്‍ലൈന്‍ വഴി 4,245പേരാണ് രജിസ്റ്റര്‍ ചെയ്തത്.ദേവസ്വം ബോര്‍ഡ് നേരിട്ട് ക്ഷണിച്ച അഞ്ഞൂറിലധികം പ്രതിനിധികളും പരിപാടിയുടെ ഭാഗമായി.രണ്ടായിരത്തോളം പേര്‍ പങ്കെടുത്തു എന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.
ആഗോള അയ്യപ്പ സംഗമം അവസാനിച്ചെങ്കിലും രാഷ്ട്രീയ വിവാദങ്ങള്‍ തുടരുമെന്ന് ഉറപ്പ്. പരിപാടിയുടെ വരവ് ചിലവ് കണക്കുകള്‍ ഉള്‍പ്പെടെ വരുംദിവസങ്ങളില്‍ സര്‍ക്കാര്‍ പുറത്തുവിടും.