by webdesk3 on | 20-09-2025 01:25:01 Last Updated by webdesk2
തൃശ്ശൂര്‍: മലദ്വാരത്തിലൂടെ ഒളിപ്പിച്ച് കടത്തിയ 20 ഗ്രാം എംഡിഎംഎയുമായി ആലുവ സ്വദേശി റിച്ചു എന്ന യുവാവ് തൃശ്ശൂര്‍ എക്‌സൈസ് പിടിയിലായി. യുവാവിനെ ആശുപത്രിയില്‍ എത്തിച്ച് ഡോക്ടറുടെ സഹായത്തോടെ മയക്കുമരുന്ന് പുറത്തെടുത്തു.
തൃശ്ശൂര്‍ റേഞ്ച് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ ആണ് പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്നും ട്രെയിന്‍ വഴി തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തുമ്പോഴാണ് ഇയാള്‍ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ആദ്യഘട്ടത്തില്‍ എംഡിഎംഎ കണ്ടെത്തിയിരുന്നില്ല. പിന്നീട് തൃശ്ശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ നടത്തിയ സ്‌കാനിംഗിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഓപ്പറേഷന്‍ തിയേറ്ററില്‍ കയറ്റി സര്‍ജന്റെ സഹായത്തോടെ മയക്കുമരുന്ന് പുറത്ത് എടുത്തു. ഇയാള്‍ക്ക് മുമ്പും മയക്കുമരുന്ന് കടത്തിയ പശ്ചാത്തലമുണ്ട്.
തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി ഇടപാടുകാരനെ കാത്തുനില്‍ക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ ഫോണ്‍ രേഖകളും എക്‌സൈസ് സംഘം പരിശോധിക്കും. ബാംഗ്ലൂരില്‍ എവിടെയായിരുന്നു മയക്കുമരുന്ന് ലഭിച്ചത്, തൃശ്ശൂരില്‍ അതു കൈമാറാന്‍ ആരെയാണ് കാത്തിരുന്നത് തുടങ്ങിയ കാര്യങ്ങളും എക്‌സൈസ് അന്വേഷിക്കും.