News Kerala

പമ്പയില്‍ ഇന്ന് ആഗോള അയ്യപ്പ സംഗമം; ബഹിഷ്‌കരിച്ച് യുഡിഎഫും ബിജെപിയും

Axenews | പമ്പയില്‍ ഇന്ന് ആഗോള അയ്യപ്പ സംഗമം; ബഹിഷ്‌കരിച്ച് യുഡിഎഫും ബിജെപിയും

by webdesk2 on | 20-09-2025 07:17:50 Last Updated by webdesk3

Share: Share on WhatsApp Visits: 14


പമ്പയില്‍ ഇന്ന് ആഗോള അയ്യപ്പ സംഗമം; ബഹിഷ്‌കരിച്ച് യുഡിഎഫും ബിജെപിയും

പത്തനംതിട്ട: പമ്പാ മണപ്പുറത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം ഇന്ന്. രാവിലെ പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ പ്രാര്‍ത്ഥനയോടെയാണ് പരിപാടിക്ക് തുടക്കമാകുക. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷത വഹിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പരിപാടിയില്‍ സ്വാഗതം പറയും. തമിഴ്നാട് സര്‍ക്കാരിന്റെ പ്രതിനിധികള്‍ അടക്കം 3,500 പ്രതിനിധികളാകും സംഗമത്തില്‍ പങ്കെടുക്കുക.  

അയ്യപ്പ സംഗമത്തിനുള്ള എല്ലാ ഒരുക്കങ്ങളും പമ്പയില്‍ പൂര്‍ത്തിയായതായി ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. മറ്റ് തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിന് തടസ്സമില്ലാത്ത രീതിയില്‍ ആണ് സംഗമം നടത്തുകയെന്നും  മന്ത്രി വ്യക്തമാക്കി. 3,500 പ്രതിനിധികള്‍ക്കുള്ള ഇരിപ്പിടമാണ് പ്രധാന വേദിയില്‍  ഒരുക്കിയിട്ടുളളത്.  പാനല്‍ ചര്‍ച്ചകള്‍ക്കും, ഭക്ഷണശാലയ്ക്കും പന്തലുകള്‍ ഒരുക്കിയിട്ടുണ്ട്. 300 ടണ്‍ ശേഷിയുള്ള ശീതീകരണ സംവിധാനമാണ് ഓരോ പന്തലിലും ഒരുക്കിയിട്ടുള്ളത്. വേദിയോട് ചേര്‍ന്ന് ദേവസ്വം ബോര്‍ഡ് ശബരിമല ഐതീഹ്യവും ചരിത്രവും പറയുന്ന സ്റ്റാളും ഒരുക്കിയിട്ടുണ്ട്. 

മൂന്ന് സെഷനുകളായാണ് ചര്‍ച്ചകള്‍ സംഘടിപ്പിക്കുക. മാസ്റ്റര്‍പ്ലാന്‍ ചര്‍ച്ച മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറും ആധ്യാത്മിക ടൂറിസം ചര്‍ച്ച പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടികെഎ നായരും തിരക്ക് നിയന്ത്രണത്തെക്കുറിച്ചുള്ള ചര്‍ച്ച റിട്ട. ഡിജിപി ജേക്കബ് പുന്നൂസും നയിക്കും.

ആഗോള അയ്യപ്പ സംഗമത്തെ ശക്തമായി എതിര്‍ക്കാനാണ് യുഡിഎഫിന്റെയും ബിജെപിയുടെയും തീരുമാനം. രാഷ്ട്രീയ നേട്ടം മാത്രമാണ് അയ്യപ്പ സംഗമത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് യുഡിഎഫും ബിജെപിയും ആരോപിക്കുന്നു. യുവതി പ്രവേശവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചവര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കാതെ സഹകരണമില്ലെന്നാണ് യുഡിഎഫ് പ്രഖ്യാപനം. സ്വര്‍ണ്ണപ്പാളി തട്ടിയെടുത്തവരെ ദേവസ്വം ബോര്‍ഡ് സര്‍ക്കാര്‍ സംരക്ഷിക്കുന്ന സാഹചര്യത്തില്‍ അയ്യപ്പഭക്തര്‍ സംഗമത്തിന് പോകരുതെന്നാണ് പ്രതിപക്ഷ നേതാവ് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം അയ്യപ്പ സംഗമത്തിന് ബദല്‍ സംഗമം സംഘടിപ്പിച്ച് വിശ്വാസികളുടെ പിന്തുണ നേടാനാണ് സംഘപരിവാര്‍ സംഘടനകളുടെ ശ്രമം. 22ന് പന്തളത്താണ് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ സംഘവും സംഘടിപ്പിക്കുന്നത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment