by webdesk3 on | 19-09-2025 01:10:43 Last Updated by webdesk2
തിരുവനന്തപുരം: അയ്യപ്പ സംഗമം തെരഞ്ഞെടുപ്പ് മുന്നോടിയായുള്ള രാഷ്ട്രീയ ഗിമ്മിക്കാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ ആരോപിച്ചു. ശബരിമലയില്‍ സ്വര്‍ണ്ണപ്പാളി നഷ്ടപ്പെട്ട സംഭവത്തില്‍ ഇതുവരെ കുറ്റക്കാരെ കണ്ടെത്താത്തത് വലിയ ദുരൂഹതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
അയ്യപ്പ സംഗമത്തില്‍ സുതാര്യത വേണമെങ്കില്‍ ആദ്യം കുറ്റക്കാരെ കണ്ടെത്തണം. സര്‍ക്കാര്‍ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണം. ഇത്രയും സ്വര്‍ണം നഷ്ടപ്പെട്ടപ്പോള്‍ സര്‍ക്കാരിന് ജനങ്ങളോട് എന്താണ് വിശദീകരിക്കാനുള്ളത്? കേസ് കോടതിയിലാണെന്ന മറുപടി യുക്തിഹീനമാണ്, കുമ്മനം ആരോപിച്ചു.
ഏഴ് കോടി ചെലവഴിച്ച് സംഘടിപ്പിക്കുന്ന അയ്യപ്പ സംഗമം വേണ്ടെന്നും, പകരം ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള വ്യക്തമായ പദ്ധതികള്‍ നടപ്പിലാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാരിന് മുന്നിലുണ്ടെങ്കിലും നടപടിയെടുക്കാത്തത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു.
ശബരിമല വികസനത്തിനായി കേന്ദ്രം നല്‍കിയ 300 കോടി രൂപ പോലും വേണ്ടവിധം വിനിയോഗിച്ചിട്ടില്ലെന്നും, സ്വര്‍ണ്ണപ്പാളി നഷ്ടപ്പെട്ട സംഭവം ഭക്തജനങ്ങളുടെ ഹൃദയത്തില്‍ വേദന സൃഷ്ടിച്ചെന്നും കുമ്മനം ചൂണ്ടിക്കാട്ടി. ഇത്തരം ഗുരുതര വിഷയത്തില്‍ ദേവസ്വം വകുപ്പ് മന്ത്രി ഒരു വാക്കുപോലും പറയാത്തത് പരിഹാസ്യമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.