by webdesk3 on | 19-09-2025 12:44:12 Last Updated by webdesk3
തിരുവനന്തപുരം: ശബരിമലയിലെ അയ്യപ്പന്റെ നാല് കിലോ സ്വര്‍ണം നഷ്ടപ്പെട്ട സംഭവത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഉത്തരവാദികളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത് ഈ പാപം മറയ്ക്കാനാണെന്ന സംശയം ജനങ്ങളിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ചെന്നൈയില്‍ നവീകരണത്തിനായി കൊണ്ടുപോയ ദ്വാരപാലക ശില്‍പം തിരിച്ചു വന്നപ്പോള്‍ നാല് കിലോ സ്വര്‍ണമാണു നഷ്ടമായത്. ഇതിനെക്കുറിച്ച് ഹൈക്കോടതി തന്നെ പരാമര്‍ശിച്ചിട്ടുണ്ടെന്നും, സര്‍ക്കാരിലെ ചിലരും ദേവസ്വം ബോര്‍ഡിലെ ചിലരും ചേര്‍ന്നാണ് ഈ കൊള്ള നടത്തിയതെന്നും സതീശന്‍ ആരോപിച്ചു. ഇത്തരം വലിയ നഷ്ടത്തിന് ശേഷം സംഗമം നടത്തുന്നതിന് മുന്‍പ് ജനങ്ങളോട് ഉത്തരവാദികള്‍ സത്യസന്ധമായി വിശദീകരിക്കേണ്ടതാണ്, അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് മൂന്ന് പ്രധാന ചോദ്യങ്ങളാണ് മുന്നോട്ടുവച്ചിരിക്കുന്നത്. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ആചാരലംഘനത്തിന് അനുകൂലമായ സത്യവാങ്മൂലം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാണോ? ഇതുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുമോ? ഒന്‍പത് വര്‍ഷമായി വികസന പ്രവര്‍ത്തനങ്ങളൊന്നും നടത്താതിരുന്ന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണോ ശബരിമല മാസ്റ്റര്‍ പ്ലാനുമായി രംഗത്തെത്തിയത്?
അയ്യപ്പ സംഗമത്തിന്റെ പോസ്റ്ററുകളിലും ബോര്‍ഡുകളിലും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വാസവനും മാത്രമാണ്. അയ്യപ്പന്റെയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെയും ചിത്രം ഇല്ലാത്തത് തന്നെ ഈ പരിപാടിയുടെ ലക്ഷ്യം വ്യക്തമാക്കുന്നതാണെന്ന് സതീശന്‍ ചൂണ്ടിക്കാട്ടി. അയ്യപ്പ ഭക്തര്‍ ഈ നാടകം തിരിച്ചറിയും; പഴയ സംഭവങ്ങള്‍ ജനങ്ങള്‍ ഓര്‍മിക്കും, എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.