by webdesk3 on | 17-09-2025 01:24:52 Last Updated by webdesk3
വയനാട്ടില്‍ വനം വകുപ്പ് വനിതാ ഉദ്യോഗസ്ഥയെ ഓഫീസില്‍വച്ച് അര്‍ദ്ധരാത്രിയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രതീഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട രതീഷ് കുമാറിന്റെ ശബ്ദരേഖ പുറത്ത് വന്നതോടെയാണ് നടപടി. കേസ് പടിഞ്ഞാറത്തറ പൊലീസ് അന്വേഷിച്ചുവരികയാണ്.
സംഭവവുമായി ബന്ധപ്പെട്ട് വനംവകുപ്പും ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുറത്തുവന്ന ശബ്ദരേഖയില്‍, പരാതിയില്‍ നിന്ന് പിന്‍മാറാന്‍ യുവതിയോട് സമ്മര്‍ദം ചെലുത്തുന്നതും, തെറ്റ് പറ്റിപ്പോയെന്ന് സമ്മതിക്കുകയും കേസിന് പോകാതിരുന്നാല്‍ എന്ത് ചെയ്യാനും തയ്യാറാണ് എന്ന് പറയുന്നതുമാണ്. യുവതിയെ സ്വാധീനിക്കാന്‍ പണം വാഗ്ദാനം ചെയ്യുന്നുമുണ്ട്. അതേസമയം, തനിക്ക് നേരിട്ട അപമാനത്തിന് ആര്‍ മറുപടി പറയും? എന്ന് ജീവനക്കാരി രതീഷ് കുമാറിനോട് ചോദിക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് യുവതി പരാതി നല്‍കിയത്. ഓഫീസില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. പരാതി ലഭിച്ചതിനെ തുടര്‍ന്ന് രതീഷ് കുമാറിനെ സുഗന്ധഗിരിയില്‍ നിന്ന് കല്‍പ്പറ്റയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇപ്പോള്‍, പുറത്തുവന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ നടപടി.