by webdesk3 on | 17-09-2025 01:00:53 Last Updated by webdesk3
ആശുപത്രികളിലെ ഉപകരണ ക്ഷാമം പരിഹരിക്കുന്നതിന് ഇടപെടൽ. വിതരണക്കാരുടെ കുടിശ്ശിക തീർപ്പാക്കാനായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസി 100 കോടി രൂപ അനുവദിച്ചു. ഇതിൽ 65 കോടി രൂപ സർക്കാർ ആശുപത്രികൾക്കും 35 കോടി രൂപ സ്വകാര്യ ആശുപത്രികൾക്കും നൽകും. കൂടാതെ, കെഎംഎസ്എല്ലിനും കാരുണ്യ സുരക്ഷ പദ്ധതിക്കും ധനവകുപ്പ് ഇടക്കാല തുക അനുവദിച്ചു.
കെഎംഎസ്എല്ലിന് അനുവദിച്ചിരിക്കുന്നത് 50 കോടി രൂപയാണ്. എന്നാൽ, 2024 ഫെബ്രുവരി മുതൽ മാർച്ച് 25 വരെ നൽകിയ സേവനങ്ങൾക്ക് വേണ്ടിയുള്ള കുടിശ്ശിക ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നതാണ് വിതരണക്കാരുടെ നിലപാട്. തുക അക്കൗണ്ടിൽ എത്തിയാൽ മാത്രമേ വിതരണം പുനഃസ്ഥാപിക്കൂ എന്നും അവർ വ്യക്തമാക്കി.
ഉപകരണ ക്ഷാമം ഗുരുതരമായ സാഹചര്യങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ സംസ്ഥാനത്തെ നിരവധി ആശുപത്രികൾ പ്രതിസന്ധി നേരിടുകയാണ്. ശസ്ത്രക്രിയകൾ പോലും തടസ്സപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നുവെന്ന മുന്നറിയിപ്പോടെ കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം മേധാവി ആശുപത്രി സൂപ്രണ്ടിന് കത്ത് നൽകി.