by webdesk2 on | 16-09-2025 02:44:30 Last Updated by webdesk2
ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ നിന്ന് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ നീക്കണമെന്ന പാക്കിസ്ഥാന്റെ ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) തള്ളി. ആന്‍ഡി പൈക്രോഫ്റ്റിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ഐസിസി വ്യക്തമാക്കി. ഹസ്തദാന വിവാദത്തില്‍ ആന്‍ഡി പക്ഷം പിടിച്ചെന്നും മാച്ച് റഫറിയേ മാറ്റണം എന്നുമായിരുന്നു പാക്കിസ്ഥാന്റെ ആവശ്യം.
ഹസ്തദാന വിവാദത്തില്‍ പൈക്രോഫ്റ്റിന് ചെറിയൊരു പങ്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ടോസ് സമയത്ത് ഒരു ക്യാപ്റ്റന്‍ മറ്റേയാള്‍ക്ക് ഹസ്തദാനം നല്‍കാന്‍ വിസമ്മതിക്കുന്നത് വഴിയുണ്ടാകുന്ന നാണക്കേട് ഒഴിവാക്കാന്‍ പാകിസ്താന്‍ നായകന് ഒരു സന്ദേശം നല്‍കുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നുമാണ് ഐസിസി വിലയിരുത്തല്‍. വിവാദത്തില്‍ പ്രഥമദൃഷ്ട്യാ അദ്ദേഹത്തിന് കാര്യമായ പങ്കില്ലാതിരിക്കെ മാച്ച് ഒഫീഷ്യലിനെ മാറ്റുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് ടോസിനുശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമായി ഹസ്തദാനത്തിന് മുതിരരുതെന്ന് മാച്ച് റഫറി പാക് ക്യാപ്റ്റനോട് നിര്‍ദേശിച്ചുവെന്നും മാച്ച് റഫറിയുടെ നടപടി പക്ഷപാതപരമാണെന്നുമായിരുന്നു പാക് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് നല്‍കിയ പരാതി. ഇന്ത്യ-പാക് മത്സരത്തിലെ ടോസിനുശേഷം സാധാരണഗതിയില്‍ ക്യാപ്റ്റന്‍മാര്‍ നടത്താറുള്ള പതിവ് ഹസ്തദാനം സൂര്യയും സല്‍മാന്‍ ആഘയും ഒഴിവാക്കിയിരുന്നു.
ഇതോടെ മാച്ച് റഫറിയെ മാറ്റിയില്ലെങ്കില്‍ ഏഷ്യാ കപ്പ് ബഹിഷ്‌കരിക്കുമെന്ന് ഭീഷണി ഉയര്‍ത്തിയ പാക് ക്രിക്കറ്റ് ബോര്‍ഡ് എന്ത് നിലപാടെടുക്കുന്നുവെന്നതാണ് ഇനി അറിയേണ്ടത്. ഏഷ്യായ കപ്പില്‍ നാളെ നടക്കുന്ന പാക് -യുഎഇ മത്സരത്തിലും ആന്‍ഡി പൈക്രൊഫ്റ്റ് തന്നെയാണ് മാച്ച് റഫറി. ഈ മത്സരം ജയിച്ചില്ലെങ്കില്‍ പാകിസ്ഥാന്‍ സപ്പര്‍ ഫോറിലെത്താതെ പുറത്താവാന്‍ സാധ്യതയുണ്ട്.