by webdesk3 on | 16-09-2025 12:16:42 Last Updated by webdesk2
തിരുവനന്തപുരം ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതിയായ ബിജുവിന് ക്രൂരമായ മര്‍ദനമേറ്റതായി ആരോപണം. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ മുന്‍ ജീവനക്കാരനായ ബിജു (പത്തനംതിട്ട സ്വദേശിയാണ്) ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.
കഴിഞ്ഞ 12-ാം തീയതി സഹപ്രവര്‍ത്തകയെ ഉപദ്രവിച്ചെന്ന പരാതിയില്‍ പേരൂര്‍ക്കട പൊലീസ് ബിജുവിനെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളെ കോടതി റിമാന്‍ഡ് ചെയ്ത് ജില്ലാ ജയിലിലേക്കു മാറ്റുകയായിരുന്നു. 13-ാം തീയതി ജയിലിനകത്തെ ഓടയ്ക്കകത്ത് അവശനിലയില്‍ കണ്ടെത്തിയ ബിജുവിനെ ജയിലധികൃതര്‍ അടിയന്തരമായി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
ആന്തരിക അവയവങ്ങള്‍ക്ക് വരെ ക്ഷതമേറ്റതായി മെഡിക്കല്‍ പരിശോധനയില്‍ കണ്ടെത്തി. മര്‍ദനമേറ്റതാണ് അവശനിലയ്ക്ക് കാരണം എന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയെങ്കിലും, ആരില്‍നിന്നും എവിടെ നിന്നുമാണെന്ന് വ്യക്തമല്ല.
ബിജുവിന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന വിവരം ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നുണ്ട്.