by webdesk3 on | 15-09-2025 09:59:31
തിരുവനന്തപുരം: പേരൂര്‍ക്കടയിലെ വ്യാജ മാല മോഷണക്കേസില്‍ അന്യായ തടവിന് ഇരയായ ദളിത് യുവതി ബിന്ദു ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. കൂടാതെ സര്‍ക്കാര്‍ ജോലി നല്‍കണമെന്നും അവര്‍ അപേക്ഷയില്‍ ആവശ്യപ്പെട്ടു.
കേസില്‍ പൊലീസ് തിരക്കഥയാണ് നടന്നതെന്ന് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്വര്‍ണ്ണമാല സോഫയുടെ അടിയില്‍ നിന്ന് തന്നെ കണ്ടെത്തിയതായി വീട്ടുടമ ഓമന ഡാനിയലും മകള്‍ നിധി ഡാനിയലും എസ്ഐ പ്രസാദിനെ അറിയിച്ചു. എന്നാല്‍, ബിന്ദുവിനെതിരെ കേസ് തുടരുന്നതിനാല്‍ മാല കണ്ടെത്തിയ കാര്യം പുറത്തുപറയരുതെന്നും ചവര്‍കൂനയില്‍ നിന്ന് കിട്ടിയതായി പറയണമെന്നുമായിരുന്നു എസ്ഐയുടെ നിര്‍ദേശം. തുടര്‍ന്ന് ഓമന ഡാനിയല്‍ മൊഴി നല്‍കുകയും ചെയ്തു.
ഗ്രേഡ് എസ്ഐ എഡ്വിനാണ് മൊഴി എഴുതി തയ്യാറാക്കിയത്, ഒപ്പിടുക മാത്രമാണ് നിധി ഡാനിയല്‍ ചെയ്തത് എന്നുമാണ് അന്വേഷണത്തില്‍ വ്യക്തമാക്കുന്നത്.
ബിന്ദുവിനെ കുടുക്കാന്‍ ശ്രമിച്ച പേരൂര്‍ക്കട എസ്എച്ച്ഒ ശിവകുമാറിനെയും ഓമന ഡാനിയലിനെയുംതിരെ നടപടിവേണമെന്നും അന്വേഷണ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
ചുള്ളിമാനൂര്‍ സ്വദേശിനിയായ ബിന്ദുവിനെ, ജോലി തുടങ്ങിയത് നാല് ദിവസത്തിന് ശേഷമാണ് സ്വര്‍ണ്ണാഭരണം കാണാതായെന്ന പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രിയില്‍ സ്റ്റേഷനില്‍ കസ്റ്റഡിയില്‍ ഇരുത്തി മാനസികമായി പീഡിപ്പിച്ചുവെന്നാരോപണം ശക്തമാണ്. എന്നാല്‍, നഷ്ടമായെന്ന് പറഞ്ഞ സ്വര്‍ണം അടുത്ത ദിവസം തന്നെ പരാതിക്കാരിയുടെ വീട്ടില്‍ നിന്നും കിട്ടിയതോടെ കേസ് തകരുകയും ബിന്ദുവിനെ വിട്ടയയ്ക്കുകയും ചെയ്തു.