by webdesk3 on | 15-09-2025 10:38:58 Last Updated by webdesk2
പത്തനംതിട്ട: കോയിപ്രത്ത് യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ ദമ്പതികളുടെ പീഡനത്തിന് ഇരയായതായി പൊലീസ് സംശയിക്കുന്നു. ആലപ്പുഴ സ്വദേശിയും റാന്നി സ്വദേശിയും മാത്രമല്ല, മറ്റു രണ്ടുപേരും സൈക്കോ മോഡലില്‍ മര്‍ദനത്തിനിരയായിട്ടുണ്ടാകാമെന്നാണ് അന്വേഷണത്തില്‍ നിന്നും പുറത്തുവരുന്ന സൂചന.
ഫോണുകള്‍ പരിശോധിച്ചപ്പോഴാണ് കൂടുതല്‍ ഇരകളുണ്ടാകാമെന്ന സംശയം പൊലീസിന് ബലപ്പെട്ടത്. പ്രതി ജയേഷിന്റെ ഫോണിലെ രഹസ്യ ഫോള്‍ഡറുകളിലെ ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. രശ്മിയുടെ ഫോണില്‍ അഞ്ച് വീഡിയോകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ആലപ്പുഴ സ്വദേശിയും രശ്മിയും ഉള്‍പ്പെടുന്ന ദൃശ്യങ്ങളും, റാന്നി സ്വദേശിയെ കെട്ടിത്തൂക്കി മര്‍ദിക്കുന്ന ദൃശ്യങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.
പ്രതികളായ ജയേഷും ഭാര്യ രശ്മിയും അന്വേഷണത്തില്‍ പൊലീസിന് സഹകരിക്കുന്നില്ല. കുറ്റകൃത്യത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനായിട്ടില്ലെന്നും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിക്ക് അപേക്ഷ നല്‍കുമെന്നും പൊലീസ് വ്യക്തമാക്കി. ഇതിനിടെ, ആലപ്പുഴ സ്വദേശിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.