by webdesk3 on | 14-09-2025 01:12:57 Last Updated by webdesk2
തിരുവനന്തപുരം ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തല്‍കുളത്തില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കര്‍ശന ഇടപെടല്‍. നീന്തല്‍ക്കുളത്തിലെ മുഴുവന്‍ വെള്ളവും തുറന്നുവിടുകയും ഭിത്തികള്‍ ഉരച്ച് വൃത്തിയാക്കുകയും വേണമെന്ന നിര്‍ദ്ദേശം നല്‍കി.
പൂവാര്‍ സ്വദേശിയായ 17-കാരന് രോഗം സ്ഥിരീകരിച്ചതോടെയാണ് നീന്തല്‍കുളം അടച്ചുപൂട്ടിയത്. വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്കായി ആരോഗ്യവകുപ്പ് അയച്ചു. ഓഗസ്റ്റ് 16ന് മൂന്ന് സുഹൃത്തുക്കളോടൊപ്പം ബാലന്‍ നീന്തല്‍കുളത്തില്‍ കുളിച്ചതായാണ് വിവരം. പിറ്റേന്ന് മുതല്‍ രോഗലക്ഷണങ്ങള്‍ പ്രകടമായി. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. ഒപ്പം ഉണ്ടായിരുന്ന മറ്റ് മൂന്നുപേരില്‍ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും ഇവരെ ആരോഗ്യവകുപ്പ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട്.
ഇതിനിടെ, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒന്‍പത് പേര്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലാണ്. ഇവരില്‍ 14-കാരന്റെ നില ഗുരുതരമാണ്. കോഴിക്കോട് ജില്ലയില്‍ 10 പേര്‍ കൂടി ചികിത്സയില്‍ തുടരുന്നു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ളവരാണ് ഇവര്‍.
ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം, ഇത്തവണ 66 പേര്‍ക്ക് രോഗബാധ ഉണ്ടായി, 17 പേര്‍ മരണപ്പെട്ടു. ഈ മാസം മാത്രം 19 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ഏഴ് പേര്‍ മരണപ്പെടുകയും ചെയ്തു. പല കേസുകളിലും രോഗത്തിന്റെ ഉറവിടം വ്യക്തമല്ലാത്തത് ആരോഗ്യമേഖലയെ ആശങ്കപ്പെടുത്തുന്നുണ്ട്.