by webdesk3 on | 14-09-2025 10:06:01 Last Updated by webdesk3
തിരുവനന്തപുരം: നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ പ്രതിപക്ഷം കടുത്ത പോരാട്ടത്തിന് ഒരുങ്ങുകയാണ്. പൊലീസ് കസ്റ്റഡി മര്‍ദനങ്ങളും ആരോഗ്യരംഗത്തെ ഗുരുതര പ്രശ്‌നങ്ങളും മുഖ്യമന്ത്രി മറുപടി പറയേണ്ട വിഷയങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. നിയമസഭയില്‍ സര്‍ക്കാരിന്റെ ഭരണപരാജയം വിചാരണ ചെയ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുല്‍ മാങ്കൂട്ടത്തില്‍ ഇനി പ്രതിപക്ഷത്തിന്റെ ഭാഗമല്ലെന്നും, അദ്ദേഹത്തിനെതിരായ നടപടി നേതൃത്വത്തിന്റെ ബോധ്യത്തില്‍ നിന്നാണെന്നും സതീശന്‍ വ്യക്തമാക്കി. പൊതുസമൂഹത്തിന് മുന്നില്‍ കോണ്‍ഗ്രസ് വലിയ മാതൃക കാട്ടിയെന്നും, അതിനാല്‍ യുഡിഎഫ് തല ഉയര്‍ത്തിപ്പിടിച്ചുതന്നെ സഭയില്‍ നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റേപ്പ് കേസിലെ പ്രതികള്‍ ഭരണപക്ഷത്തിലാണെന്നുമാത്രമാണ് യാഥാര്‍ത്ഥ്യമെന്നു വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.
രാഹുല്‍ സംഭവത്തില്‍ തനിക്ക് വലിയ വിഷമമുണ്ടെന്നും, കൂട്ടത്തിലെ ഒരാള്‍ക്ക് ഇത്തരമൊരു സംഭവം സംഭവിച്ചത് സന്തോഷകരമല്ലെന്നും സതീശന്‍ പറഞ്ഞു. എങ്കിലും പാര്‍ട്ടിയുടെ തീരുമാനം ഒറ്റക്കെട്ടായിരുന്നുവെന്നും, നടപടിക്ക് ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ താന്‍ തന്നെ ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.