by webdesk3 on | 13-09-2025 01:00:08 Last Updated by webdesk3
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെനെ ആസ്പദമാക്കി കോണ്‍ഗ്രസ് പുറത്തിറക്കിയ എഐ വീഡിയോക്കെതിരെ ബിജെപി പൊലീസില്‍ പരാതി നല്‍കി. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോ ആണെന്നാണ് ബിജെപിയുടെ ആരോപണം. ഡല്‍ഹി നോര്‍ത്ത് അവന്യൂ പൊലീസ് സ്റ്റേഷനിലാണ് കോണ്‍ഗ്രസിനെതിരെ പരാതി രജിസ്റ്റര്‍ ചെയ്തത്. ബിജെപി പ്രവര്‍ത്തകന്‍ സങ്കേത് ഗുപ്തയാണ് പരാതി നല്‍കിയത്.
ബിഹാര്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ വീഡിയോയില്‍, മോദിയുടെ സ്വപ്നത്തില്‍ അമ്മയെ അനുസ്മരിപ്പിക്കുന്ന എഐ കഥാപാത്രം പ്രത്യക്ഷപ്പെടുന്നു. വോട്ടിനായി തന്റെ പേര് ഉപയോഗിക്കരുതെന്ന് കര്‍ശനമായി ശാസിക്കുന്ന രീതിയിലാണ് രംഗം ഒരുക്കിയിരിക്കുന്നത്. മോദിയോട് സാമ്യമുള്ള എഐ കഥാപാത്രം ഞെട്ടലോടെ ഉണരുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.
സാഹെബിന്റെ സ്വപ്നങ്ങളില്‍ അമ്മ പ്രത്യക്ഷപ്പെടുന്നു; ഈ രസകരമായ സംഭാഷണം കാണുക എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ പ്രചരിച്ചത്.
കോണ്‍ഗ്രസ് വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രങ്ങള്‍ പിന്തുടരുകയാണെന്ന് ആരോപിച്ച ബിജെപി, വീഡിയോയ്ക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനും ഒരുങ്ങുകയാണ്. നേരത്തെ ബിഹാറിലെ വോട്ടര്‍ അധികാര്‍ യാത്രയില്‍ തനിക്കും അമ്മയ്ക്കുമെതിരായ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഉയര്‍ന്നതായി പ്രധാനമന്ത്രി പറഞ്ഞിരുന്നു.