by webdesk3 on | 13-09-2025 12:50:46
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ഹൈക്കോടതി നിര്‍ദേശം മറികടന്ന് ദേവസ്വം ബോര്‍ഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സംഗമദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യൂ സ്ലോട്ടുകള്‍ അഞ്ചില്‍ ഒന്നായി കുറച്ച്, സെപ്റ്റംബര്‍ 19, 20 തീയതികളില്‍ പതിനായിരം ഭക്താക്കള്‍ക്ക് മാത്രമാണ് ദര്‍ശനം അനുവദിച്ചിരിക്കുന്നത്. സംഗമത്തിനായി എത്തുന്ന പ്രതിനിധികള്‍ക്കും വിവിഐപികള്‍ക്കും ദര്‍ശനം ഉറപ്പാക്കാനാണ് നടപടി.
സാധാരണ മാസപൂജകള്‍ക്കായി അനുവദിച്ചിരുന്നത് 50,000 സ്ലോട്ടുകളാണ്. എന്നാല്‍ 20-ാം തീയതിക്ക് ഇനി ലഭ്യമാകുന്നത് ഏകദേശം 1,300 സ്ലോട്ടുകള്‍ മാത്രമെന്നാണ് വിവരം. ഇതില്‍ മാസപൂജകള്‍ക്ക് 10,000-ല്‍ കൂടുതല്‍ ഭക്തര്‍ എത്താറില്ല എന്നതാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.
അയ്യപ്പ സംഗമം സാധാരണ ഭക്തരുടെ അവകാശങ്ങള്‍ ഹനിക്കരുതെന്ന് വ്യക്തമാക്കിയായിരുന്നു ഹൈക്കോടതി മുന്‍പ് ഹര്‍ജികള്‍ തള്ളിയത്. പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിച്ചുകൊണ്ട് സംഗമം നടത്താമെങ്കിലും ഭക്തര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കരുതെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. എന്നാല്‍, നിലവിലെ തീരുമാനങ്ങള്‍ ഹൈക്കോടതി നിര്‍ദ്ദേശം മറികടന്നതാണെന്നാരോപണം ശക്തമാകുകയാണ്.