by webdesk3 on | 13-09-2025 12:25:34
തിരുവനന്തപുരം: ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങി മനുഷ്യജീവിതത്തിന് ഭീഷണിയാകുന്ന അക്രമകാരിയായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കുന്ന ബില്ലിന് പ്രത്യേക മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കേന്ദ്രനിയമ ഭേദഗതിയെ ലക്ഷ്യമിട്ടാണ് ബില്‍ തയാറാക്കിയിരിക്കുന്നത്. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.
പ്രത്യേക സാഹചര്യങ്ങളില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അക്രമകാരിയായ മൃഗങ്ങളെ വെടിവച്ച് കൊല്ലാന്‍ ഉത്തരവിടാന്‍ അധികാരം ലഭിക്കും. വനനിയമത്തില്‍ ഭേദഗതി വരുത്തുന്നതും മന്ത്രിസഭ അംഗീകരിച്ചു. സ്വകാര്യവ്യക്തികളുടെ പുരയിടങ്ങളിലെ ചന്ദനമരം വനംവകുപ്പിന്റെ അനുമതിയോടെ മുറിക്കാനുള്ള വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന ബില്ലും മന്ത്രിസഭ പാസാക്കി.
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ കാട്ടാന ആക്രമണം മാത്രം 180 ജീവനുകള്‍ സംസ്ഥാനത്ത് നഷ്ടപ്പെട്ടിട്ടുണ്ട്.