by webdesk3 on | 10-09-2025 08:11:36
നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. നേപ്പാളിലെ പൊഖ്‌റയില്‍ വിനോദസഞ്ചാരത്തിനായി എത്തിയ പ്രായമായവര്‍ ഉള്‍പ്പെടെയുള്ള മലയാളികള്‍ ഇപ്പോള്‍ കുടുങ്ങിക്കിടക്കുകയാണ്.
നേപ്പാളില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്നാലെ പ്രദേശത്ത് അനിഷ്ടസംഭവങ്ങള്‍ അരങ്ങേറിയതിനാല്‍ അവിടെ തുടരുന്നത് അതീവ ദുഷ്‌കരമായിരിക്കുകയാണ്. ഇവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തിരമായി നാട്ടിലെത്തിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയുടെ കത്തില്‍ ആവശ്യപ്പെട്ടു.
സുരക്ഷിതമായ യാത്രാ സൗകര്യം ഒരുക്കി കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും, ഇതിനാവശ്യമായ എല്ലാ പിന്തുണയും സഹകരണവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി കത്തിലൂടെ വ്യക്തമാക്കി.