by webdesk2 on | 09-09-2025 11:26:46
ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തി. വൈകിട്ട് 5 വരെ പാര്‍ലമെന്റ് മന്ദിരത്തിലെ എഫ്-101 (വസുധ) മുറിയിലാണ് വോട്ടെടുപ്പ്. വൈകിട്ട് 6 മുതല്‍ വോട്ടെണ്ണല്‍ തുടങ്ങും.
ഭരണകക്ഷിയായ എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയായി മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണനും (67) പ്രതിപക്ഷ പാര്‍ട്ടികള്‍ക്കായി സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി.സുദര്‍ശന്‍ റെഡ്ഡിയുമാണ് (79) മത്സരിക്കുന്നത്. ഉപരാഷ്ട്രപതി പദവിയില്‍ 2 വര്‍ഷം ബാക്കി നില്‍ക്കെ, ജഗദീപ് ധന്‍കര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഒഴിവു വന്നത്.
ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങള്‍ക്കാണ് വോട്ടവകാശം. നിലവിലെ അംഗബലം അനുസരിച്ചു 781 ആണ് ആകെ വോട്ട്. കുറഞ്ഞത് 391 വോട്ട് നേടുന്നയാള്‍ ഇന്ത്യയുടെ 15-ാം ഉപരാഷ്ട്രപതിയാകും. രാജ്യസഭയില്‍ 7 അംഗങ്ങളുള്ള ബിജെഡിയും 4 അംഗങ്ങളുള്ള ബിആര്‍എസും ഒരു അംഗമുള്ള അകാലിദളും വോട്ടെടുപ്പില്‍ പങ്കെടുക്കില്ല. ഇരുസഭകളിലെയും അംഗബലം കണക്കിലെടുക്കുമ്പോള്‍ എന്‍ഡിഎ വിജയം ഉറപ്പിച്ച മട്ടിലാണ്.