by webdesk2 on | 09-09-2025 09:58:01
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന രണ്ട് കുട്ടികള്‍ ആശുപത്രി വിട്ടു. രോഗം ബാധിച്ച് മരണപ്പെട്ട ഒമ്പതു വയസുകാരിയുടെ സഹോദരനാണ് രോഗം ഭേദമായത്. കുട്ടിയുടെ ചികിത്സയിലായിരുന്ന മറ്റൊരു സഹോദരനും ഇന്നലെ രോഗം ഭേദമായിരുന്നു.
ഇവരില്‍ ഒരാള്‍ക്ക് മാത്രമാണ് തലച്ചോറിനെ രോഗം ബാധിച്ചിരുന്നത്. ഈ കുട്ടിയുടെ സഹോദരി ഉള്‍പ്പെടെ അഞ്ച് പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരു മാസത്തിനിടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. ചികിത്സയില്‍ കഴിയുന്ന മറ്റു രണ്ട് കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അതേസമയം രോഗം നിയന്ത്രിക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമ്പോഴും ഓരോ ദിവസവും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കയുണ്ടാക്കുന്നു. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം വര്‍ധിച്ച സാഹചര്യത്തില്‍, രോഗം കണ്ടെത്തിയ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് ക്ലോറിനേഷന്‍ നടപടികളും ബോധവല്‍ക്കരണവും ശക്തമാക്കിയിട്ടുണ്ട്.