by webdesk2 on | 09-09-2025 08:42:46
ബലാത്സംഗ കേസില്‍ പ്രതിയായ റാപ്പര്‍ വേടന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. കേസില്‍ വേടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അതുകൊണ്ടുതന്നെ അറസ്റ്റ് ചെയ്താലും ജാമ്യത്തില്‍ വിടും.
വിവാദങ്ങള്‍ക്കിടെ ആദ്യമായി പരസ്യ പ്രതികരണം നടത്തി വേടന്‍. താന്‍ എങ്ങും പോയിട്ടില്ലെന്ന് റാപ്പര്‍ വേടന്‍ പ്രതികരിച്ചിരുന്നു. ഒരു കലാകാരന്‍ ഒരിക്കലും എവിടെയും പോകില്ല. തന്റെ ഒറ്റ ജീവിതം ജനങ്ങളുടെ മുന്നില്‍ ജീവിച്ച് തീര്‍ക്കാനാണ് വന്നിരിക്കുന്നതെന്നും വേടന്‍ പറഞ്ഞിരുന്നു. പത്തനംതിട്ട കോന്നിയിലെ പരിപാടിയിലാണ് പ്രതികരണം. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വേടന്‍ വീണ്ടും റപ്പ് വേദിയില്‍ എത്തുന്നത്.
2021 മുതല്‍ 2023 വരെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിലാണ് വേടനെതിരെ തൃക്കാക്കര പൊലീസ് ബലാത്സംഗത്തിന് കേസെടുത്തത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് ലൈംഗിക അതിക്രമത്തിനും ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസുകള്‍ക്ക് പിന്നില്‍ ഗൂഢാലോചനകള്‍ നടന്നിട്ടുണ്ടെന്നായിരുന്നു വേടന്‍ കോടതിയില്‍ വ്യക്തമാക്കിയത്. ബലാത്സംഗ കേസിന് പിന്നാലെ വേടന്‍ ഒളിവില്‍ എന്നായിരുന്നു പോലീസ് പറഞ്ഞത്.