by webdesk2 on | 09-09-2025 07:43:27 Last Updated by webdesk2
ജെന്‍സി പ്രക്ഷോഭം ആളിക്കത്തിയതോടെ സമൂഹ മാധ്യമ ആപ്പുകള്‍ക്കുമേലുള്ള നിരോധനം നീക്കി നേപ്പാള്‍. അടിയന്തര മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. പൊലീസ് വെടിവെപ്പില്‍ 20 പ്രതിഷേധക്കാരാണ് ഇന്നലെ മരിച്ചത്. 250 പേര്‍ക്ക് പരുക്കേറ്റു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ നേപ്പാള്‍ ആഭ്യന്തര മന്ത്രി രമേഷ് ലേഘഖ് രാജിവച്ചു.
സാമൂഹ്യമാധ്യമ നിരോധനത്തിനെതിരെ ജെന്‍ സി വിഭാഗത്തില്‍പ്പെട്ട യുവാക്കളാണ് പ്രധാനമായും പ്രതിഷേധിച്ചത്. പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഓലിയുടെ വസതിക്ക് മുന്നിലും വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറി. നിരോധനം പിന്‍വലിക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് സര്‍ക്കാര്‍ വഴങ്ങിയത്.
അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്നാണ് നിരോധനം പിന്‍വലിക്കാന്‍ തീരുമാനമെടുത്തത്. അതേസമയം, പ്രതിഷേധങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. കൂടാതെ, നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാരിനുള്ള പിന്തുണ നേപ്പാളി കോണ്‍ഗ്രസ് പിന്‍വലിച്ചേക്കുമെന്നും സൂചനകളുണ്ട്. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് നേപ്പാളി കോണ്‍ഗ്രസ് മന്ത്രിമാര്‍ ഇറങ്ങിപ്പോയിരുന്നു.