by webdesk3 on | 08-09-2025 04:13:59 Last Updated by webdesk2
കാഠ്മണ്ഡു : നേപ്പാളില്‍ സോഷ്യല്‍ മീഡിയ വിലക്കിനെതിരെ യുവാക്കള്‍ നടത്തിയ വന്‍ പ്രക്ഷോഭത്തില്‍ വലിയ സംഘര്‍ഷം. പൊലീസ് നടത്തിയ വെടിവെപ്പില്‍ 9 പേര്‍ കൊല്ലപ്പെടുകയും, 80ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
കാഠ്മണ്ഡുവിലെ മൈതിഘറില്‍ രാവിലെ ഒമ്പത് മണിയോടെയാണ് യുവാക്കളുടെ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധം പാര്‍ലമെന്റ് പരിസരത്തേക്ക് നീങ്ങുന്നതോടെയാണ് പൊലീസ് വെടിവെച്ചത്. വെടിയേറ്റ് പരിക്കേറ്റ 10 പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഓലി, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടിക്ടോക്ക്, വാട്ട്സാപ്പ് അടക്കം 26 സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. സമൂഹമാധ്യമങ്ങള്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നതാണ് നിരോധനത്തിന് പിന്നിലെ സര്‍ക്കാരിന്റെ വാദം.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നേപ്പാളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി സര്‍ക്കാര്‍ ഓഗസ്റ്റ് 28-ന് ഏഴ് ദിവസത്തെ സമയപരിധി നിശ്ചയിച്ചിരുന്നുവെങ്കിലും, അത് പാലിക്കപ്പെടാതെ പോയതാണ് വിലക്കിന് കാരണമായത്.
പോലീസ് വെടിവയ്പിന് പിന്നാലെ സര്‍ക്കാര്‍ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ് പുറപ്പെടുവിക്കുകയും, പ്രധാനമന്ത്രി- രാഷ്ട്രപതി വസതികളുടെ പുറത്ത് സൈന്യം വിന്യസിക്കുകയും ചെയ്തു. പ്രതിഷേധങ്ങള്‍ രാഷ്ട്രീയ അഴിമതിക്കെതിരെയും സമൂഹമാധ്യമ വിലക്കിനെയുമാണ് ലക്ഷ്യമിട്ടത്.