by webdesk2 on | 08-09-2025 11:09:02 Last Updated by webdesk2
കോഴിക്കോട്: കേരളത്തില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലപ്പുറം വണ്ടൂര്‍ സ്വദേശിനി ശോഭനയാണ് മരിച്ചത്. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 12 പേരായിരുന്നു ചികിത്സയില്‍ ഉണ്ടായിരുന്നത്. ഒരു മാസത്തിനിടെ അഞ്ച് പേരാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്.
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഇക്കഴിഞ്ഞയാഴ്ചയും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വയനാട് ബത്തേരി സ്വദേശിയായ രതീഷ് ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്. കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മലപ്പുറം കണ്ണമംഗലം ചേറൂര്‍ കാപ്പില്‍ കണ്ണേത്ത് റംല(52)യും കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ഒമ്പത് വയസ്സുകാരി അനയയും സമീപദിവസങ്ങളില്‍ മരിച്ചിരുന്നു.
വിദേശത്ത് നിന്നുള്‍പ്പെടെ മരുന്നെത്തിച്ച് രോഗികള്‍ക്ക് നല്‍കുന്നുണ്ടെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് മറ്റ് അസുഖങ്ങളും ഉള്ളതിനാല്‍ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. അമീബിക് മസ്തിഷ്‌കജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.