by webdesk2 on | 08-09-2025 09:23:26 Last Updated by webdesk3
തൃശൂർ: പീച്ചി പൊലീസ് സ്റ്റേഷനിലെ ക്രൂരമായ മർദ്ദനവുമായി ബന്ധപ്പെട്ട്, അന്നത്തെ എസ്.ഐ. ആയിരുന്ന പി.എം. രതീഷിനെ സസ്പെൻഡ് ചെയ്യാൻ നീക്കം. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ ദക്ഷിണ മേഖല ഐ.ജി.യുടെ പക്കലുള്ള റിപ്പോർട്ടിൽ വേഗത്തിൽ നടപടിയെടുക്കാൻ ഡി.ജി.പി. നിർദ്ദേശം നൽകി. പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ തെളിവായി പരിഗണിച്ച് സസ്പെൻഷൻ നടപടിയിലേക്ക് കടക്കാനാകുമോ എന്നും പൊലീസ് പരിശോധിച്ചുവരികയാണ്.
കഴിഞ്ഞ മെയ് 24-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീച്ചിയിലെ ഒരു ഹോട്ടലിൽ നടന്ന സംഘർഷത്തെ തുടർന്ന് ഹോട്ടലുടമയുടെ മകനെയും ജീവനക്കാരെയും എസ്.ഐ. രതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. പിന്നീട് സ്റ്റേഷനിലെത്തിച്ച ഇവരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ചുമരിനോട് ചേർത്തുനിർത്തി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കേസ് ഒത്തുതീർപ്പാക്കാൻ അഞ്ചു ലക്ഷം രൂപ എസ്.ഐ. ആവശ്യപ്പെട്ടതായും ഇതിൽ മൂന്നു ലക്ഷം പൊലീസുകാർക്കും രണ്ടു ലക്ഷം പരാതിക്കാരനും നൽകാൻ ആവശ്യപ്പെട്ടതായും ഹോട്ടലുടമ ഔസേപ്പ് ആരോപിച്ചിരുന്നു.
മർദ്ദനവിവരം പുറത്തുവന്നതിനെ തുടർന്ന് അന്നത്തെ തൃശൂർ അഡി. എസ്.പി. ശശിധരൻ രതീഷിനെതിരെ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ രതീഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തി റിപ്പോർട്ടും സമർപ്പിച്ചു. എന്നാൽ ഈ റിപ്പോർട്ടിന്മേൽ യാതൊരു നടപടിയുമുണ്ടായില്ല. റിപ്പോർട്ട് സമർപ്പിക്കുമ്പോഴേക്കും രതീഷ് കടവന്ത്ര സി.ഐ. ആയി സ്ഥാനക്കയറ്റം നേടുകയും ചെയ്തിരുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഉന്നതതലത്തിൽനിന്ന് അടിയന്തര ഇടപെടൽ ഉണ്ടായിരിക്കുന്നത്.