by webdesk2 on | 08-09-2025 06:44:42 Last Updated by webdesk3
തൃശ്ശൂര്‍: സംസ്ഥാനത്തെ ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുള്ള തൃശ്ശൂരിലെ പുലിക്കളി ഇന്ന്. വര്‍ഷങ്ങള്‍ക്ക് ശേഷം സ്വരാജ് റൗണ്ടില്‍ ഒന്‍പത് പുലിക്കളി സംഘങ്ങളാണ് ഇറങ്ങുന്നത്. ഇന്ന് നടക്കുന്ന പുലിക്കളിയില്‍ വെളിയന്നൂര്‍ ദേശം, കുട്ടന്‍കുളങ്ങര ദേശം, യുവജനസംഘം വിയ്യൂര്‍, ശങ്കരംകുളങ്ങരദേശം, അയ്യന്തോള്‍ ദേശം, ചക്കാമുക്ക് ദേശം, സീതാറാം മില്‍ ദേശം, നായ്ക്കനാല്‍ ദേശം, പാട്ടുരായ്ക്കല്‍ദേശം എന്നീ ടീമുകള്‍ പങ്കെടുക്കും. കഴിഞ്ഞതവണ 7 സംഘങ്ങളാണ് പങ്കെടുത്തത്.
വൈകീട്ട് 4.30ന് സ്വരാജ് റൗണ്ടിലെ തെക്കെ ഗോപുരനടയില്‍ വെളിയന്നൂര്‍ ദേശം സംഘത്തിന് മേയര്‍ എം.കെ. വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ മന്ത്രിമാരും എംഎല്‍എമാരും സംയുക്തമായി ഫ്‌ലാഗ്ഓഫ് ചെയ്ത് പുലിക്കളിക്ക് തുടക്കമാകും. പതിവില്‍ നിന്ന് വ്യത്യസ്തമായി പുലിവരയ്ക്കും ചമയ പ്രദര്‍ശനത്തിനും ഇത്തവണ സമ്മാനമുണ്ട്.
പുലിക്കളി സംഘങ്ങള്‍ക്ക് ധനസഹായമായി 3,12,500 രൂപ വീതം നല്‍കും. മുന്‍കൂറായി ഓരോ ടീമിനും 1,56,000 രൂപ കൈമാറി. കേന്ദ്രസഹായമായി 3 ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. പുലിക്കളിക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഉറപ്പുവരുത്തി.