by webdesk2 on | 05-09-2025 10:41:06 Last Updated by webdesk2
തിരുവനന്തപുരം: തൈറോയ്ഡ് ഗ്രന്ഥി നീക്കംചെയ്യുന്ന ശസ്ത്രക്രിയയ്ക്കിടെ ശരീരത്തില്‍ കുടുങ്ങിയ ഗൈഡ്വയര്‍ പുറത്തെടുക്കാന്‍ ശ്രീചിത്ര മെഡിക്കല്‍ സെന്ററിന്റെ സഹായം തേടാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച് മെഡിക്കല്‍ ഓഫിസര്‍ ശ്രീചിത്ര മെഡിക്കല്‍ സെന്ററിന് കത്ത് നല്‍കും. വയര്‍ ശരീരത്തില്‍ കുടുങ്ങിയ കാട്ടാക്കട കിള്ളി സ്വദേശിനിയായ എസ്.സുമയ്യയുടെ (26) ചികിത്സയുമായി ബന്ധപ്പെട്ട നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
സഹായം തേടുന്നതിന്റെ ഭാഗമായി ശ്രീചിത്രയിലെ കാര്‍ഡിയോ വാസ്‌കുലാര്‍, റേഡിയോളജി വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാനാണ് മെഡിക്കല്‍ ബോര്‍ഡ് ശ്രമിക്കുന്നത്. അവരുടെ സൗകര്യം കൂടി പരിഗണിച്ച ശേഷം അടുത്ത ആഴ്ച വീണ്ടും മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും.
രണ്ടര വര്‍ഷം മുന്‍പ് സുമയ്യയുടെ നെഞ്ചിനുള്ളില്‍ കുടുങ്ങിയ ഗൈഡ്വയര്‍ പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വിദഗ്ധര്‍. കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം യുവതിയുടെ എക്‌സ്-റേ, സിടി സ്‌കാന്‍ എന്നിവ പരിശോധിച്ചിരുന്നു. ഗൈഡ്വയര്‍ ഞരമ്പുകളില്‍ ഒട്ടിപ്പിടിച്ചിട്ടില്ലെങ്കില്‍ എടുക്കാന്‍ തടസ്സമില്ലെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. നേരിയ രീതിയില്‍ ഒട്ടിപ്പിടിച്ചിട്ടുണ്ടെങ്കിലും പുറത്തെടുക്കാന്‍ സാധിക്കുമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. ഗൈഡ്വയര്‍ പുറത്തെടുക്കുന്നത് സംബന്ധിച്ച് ശ്രീചിത്രയിലെ ഡോക്ടര്‍മാരുമായി വിശദമായ ചര്‍ച്ച നടത്തിയതിന് ശേഷം സുമയ്യയെ സിടി സ്‌കാനിങ്ങിനും ആവശ്യമെങ്കില്‍ ആന്‍ജിയോഗ്രാമിനും വിധേയയാക്കും.
2023 മാര്‍ച്ച് 22നാണ് സുമയ്യ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. തുടര്‍ന്ന് ഏപ്രിലിലാണ് നെഞ്ചില്‍ ഗൈഡ്വയര്‍ കുടുങ്ങിയതായി കണ്ടെത്തിയത്. അന്ന് ശ്രീചിത്രയിലെ ഡോക്ടര്‍മാരുടെ അഭിപ്രായം തേടിയപ്പോള്‍ പുറത്തെടുക്കുന്നത് വെല്ലുവിളിയാകുമെന്നായിരുന്നു മറുപടി. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ വീണ്ടും മുതിര്‍ന്ന ഡോക്ടര്‍മാരുടെ അഭിപ്രായം തേടാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചത്.