by webdesk2 on | 05-09-2025 10:29:53 Last Updated by webdesk2
യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന് യൂറോപ്യന്‍ യൂണിയന്‍. യുദ്ധം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയോട് ആവശ്യപ്പെടണമെന്നാണ് യൂറോപ്യന്‍ യൂണിയന്റെ പ്രതികരണം. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെ മോദി ചൈനയിലെത്തി സന്ദര്‍ശിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് മോദിയെ ഫോണില്‍ വിളിച്ച് ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്.
യൂറോപ്യന്‍ യൂണിയന്‍ നേതാക്കളായ ഉര്‍സ്വല വോണ്‍ ഡെര്‍ ലെയനും അന്റോണിയോ കോസ്റ്റയും ആണ് മോദിയെ വിളിച്ചത്. സമാധാനത്തിലേക്കുള്ള പാത തുറക്കാനും യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുമായി ഇന്ത്യയ്ക്ക് പ്രധാന പങ്ക് വഹിക്കാനാകുമെന്ന് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. റഷ്യ-യുക്രൈന്‍ സംഘര്‍ഷം ഒഴിവാക്കാനുള്ള സമാധാനപരമായ പ്രമേയങ്ങളെ ഇന്ത്യ എല്ലായ്പ്പോഴും സ്വാഗതം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ക്ക് മറുപടി നല്‍കി.
ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെയാണ് മോദിയും പുടിനും കൂടിക്കാഴ്ച നടത്തിയത്. റഷ്യയും ഇന്ത്യയും ഒന്നിച്ച് മുന്നോട്ടുപോകുമെന്നും ഡിസംബറില്‍ പുടിന്റെ വരവിനായി ഇന്ത്യ കാത്തിരിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. യുക്രെയ്ന്‍ സംഘര്‍ഷത്തിന്റെ സമാധാനപരമായ പരിഹാരവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.