by webdesk2 on | 05-09-2025 07:54:10 Last Updated by webdesk2
ഇന്ന് തിരുവോണം. ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് മാവേലി നാട്ടില്‍ മാലോകരെല്ലാരും ഒന്നുപോലെ കഴിഞ്ഞിരുന്ന നല്ലകാലത്തിന്റെ സ്മരണയില്‍ ഓണം ആഘോഷിക്കുകയാണ്. കാര്‍ഷിക സംസ്‌കാരത്തിന്റെ വിളവെടുപ്പ് ഉത്സവമാണിത്. ഉള്ളവര്‍ ഇല്ലാത്തവര്‍ക്കു കൊടുത്തും കഷ്ടപ്പെടുന്നവന് താങ്ങായി നിന്നും ഈ ആഘോഷത്തെ നമുക്ക് വിശ്വമാനവികതയുടെ സ്‌നേഹസദ്യയാക്കി മാറ്റാം.
മലയാളികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഓണം. അത്തം മുതല്‍ തുടങ്ങിയ ഒരുക്കങ്ങളാണ് പത്താം നാളായ തിരുവോണ ദിനത്തില്‍ ഇന്ന് പൂര്‍ണതയിലെത്തുന്നത്. ഇല്ലായ്മകളും വല്ലായ്മകളും മറന്ന് പൊലിമ ഒട്ടും കുറയാതെ ഓണം ആഘോഷമാക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികള്‍.
പഞ്ഞകര്‍ക്കിടകത്തില്‍ നിന്നും ചിങ്ങവെയിലിന്റെ മന്ദഹാസം നിറയുന്ന തിരുവോണത്തിലേക്ക് കേരളം കാലെടുത്തുവയ്ക്കുമ്പോള്‍ മാവേലിയുടെ ഐതിഹ്യം അതിനൊരു പൂത്താലിയാണ്. കള്ളവും ചതിയും പൊളിവചനങ്ങളുമില്ലാത്ത ഒരു നല്ല കാലത്തിന്റെ സ്മരണ പുതുക്കലാണ് നമുക്ക് ഓണം. ഉണ്ടറിയണം ഓണം എന്നാണ് പറയാറ്. കൈക്കൊട്ടിക്കളിയും ഓണപ്പാട്ടുകളും ഓണത്തല്ലും വടംവലിയുമൊക്കെയായി ഓണാഘോഷങ്ങള്‍ തുടരും.
ഏറ്റവും പ്രധാന ആകര്‍ഷണം എന്നുപറയുന്നത് മറ്റൊന്നുമല്ല കേട്ടോ ഓണസദ്യ തന്നെയാണ്. നാക്കിലയിലാണ് പൊതുവെ ഓണസദ്യ വിളമ്പാറ്. അച്ചാറുകള്‍, തോരന്‍ അവിയല്‍, കാളന്‍, ഓലന്‍, എരിശ്ശേരി, പപ്പടം, പായസം എന്നിങ്ങനെ വിവിധ തരം വിഭവങ്ങള്‍ അടങ്ങിയതാണ് ഓണസദ്യ. മഴ മലയാളികളെ ഭയപ്പെടുത്തിയെങ്കിലും വലിയ പ്രശ്ങ്ങളൊന്നും ഇല്ലാതെ കടന്നു പോകുകയാണ്.