by webdesk3 on | 04-09-2025 03:24:44
യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നേഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് എം.എല്‍.എ ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. നിമിഷപ്രിയയുടെ മോചനത്തിനായി യെമനിലേക്ക് പ്രത്യേക സംഘം പോയിട്ടുണ്ടെന്നും, ശുഭകരമായ വാര്‍ത്ത ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, തൃശൂര്‍ കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസുകാരെ പൊലീസ് മര്‍ദിച്ച സംഭവത്തെയും ചാണ്ടി ഉമ്മന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. പൊലീസില്‍ പ്രവര്‍ത്തിക്കുന്നത് ക്രിമിനല്‍ സംഘമാണെന്ന് മാത്രമേ പറയാനാകൂ. യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച പൊലീസുകാരെ ഉടന്‍ പിരിച്ചുവിടണം. സര്‍ക്കാരിന് ജനങ്ങളോടുള്ള പ്രതിബദ്ധത ഉണ്ടെങ്കില്‍ വേഗത്തില്‍ നടപടി എടുക്കണം. കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരുടെ ഗതി എന്താകും? ഇത്തരക്കാരുടെ സാന്നിധ്യം തന്നെ പോലീസിന് അപമാനമാണ്, അദ്ദേഹം ആരോപിച്ചു.
നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഗള്‍ഫ് രാജ്യങ്ങളെ കേന്ദ്രീകരിച്ച് സജീവ ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും, യുഎഇയിലും ഖത്തറിലും ഇതിനായി സംസാരിച്ചിട്ടുണ്ടെന്നും ചാണ്ടി ഉമ്മന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്ത ദിവസങ്ങളില്‍ തന്നെ പോസിറ്റീവ് വാര്‍ത്ത ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യെമനില്‍ ബന്ധമുള്ള പ്രവാസി വ്യവസായികളിലൂടെ ഖത്തറിലും യുഎഇയിലും ചര്‍ച്ചകള്‍ നടക്കുന്നു. നിമിഷപ്രിയയുടെ മോചനശ്രമങ്ങളില്‍ ഞാന്‍ കാന്തപുരത്തെ മറികടക്കാന്‍ ശ്രമിച്ചിട്ടില്ല. ഇടതുപക്ഷക്കാര്‍ പറയുന്ന പ്രചാരണം തെറ്റിദ്ധാരണ മാത്രമാണ്. വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ഒഴിവാക്കണം, എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.