by webdesk3 on | 04-09-2025 01:29:55 Last Updated by webdesk3
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടിയെ തുടര്‍ന്ന് തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. വിഷയത്തില്‍ ഇതുവരെ എടുത്ത എല്ലാ തീരുമാനങ്ങളും ശരിയായ വഴിയിലൂടെയാണെന്നും അത് കൂട്ടായ ആലോചനയുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
നടപടിയെ കുറിച്ച് പാര്‍ട്ടിയിലെ എ ഗ്രൂപ്പ് നേതാക്കള്‍ക്ക് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇരകളാരും രേഖാമൂലം പരാതി നല്‍കിയിട്ടില്ലാത്ത സാഹചര്യത്തിലും രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത് അതിരുകടന്ന നടപടി തന്നെയാണെന്നാണ് എ ഗ്രൂപ്പിന്റെ അഭിപ്രായം. എന്നാല്‍ നേതൃത്വംയും വി.ഡി. സതീശനെ പിന്തുണക്കുന്ന വിഭാഗവും ഈ വാദം അംഗീകരിക്കുന്നില്ല.
പാര്‍ട്ടിയുടെ ഉന്നതതലത്തില്‍ നടത്തിയ കൂടിയാലോചനകളുടെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. രാഷ്ട്രീയകാര്യ സമിതി അംഗങ്ങളോടും എംപിമാരോടും അഭിപ്രായം തേടിയ ശേഷമാണ് കെപിസിസി അധ്യക്ഷന്‍ സസ്‌പെന്‍ഷന്‍ പ്രഖ്യാപിച്ചത്. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നുമുള്ള നീക്കവും കെപിസിസിയുടെ ഏകോപിത തീരുമാനമായിരുന്നുവെന്നു സതീശനെ പിന്തുണക്കുന്നവര്‍ വ്യക്തമാക്കി.