by webdesk3 on | 04-09-2025 01:16:20 Last Updated by webdesk3
കസ്റ്റഡി മരണങ്ങളില്‍ സുപ്രീംകോടതി സ്വമേധയ ഇടപെട്ടു. പൊലീസ് സ്റ്റേഷനുകളിലെ സിസിടിവികള്‍ പ്രവര്‍ത്തനരഹിതമായ സംഭവങ്ങളില്‍ കോടതി കേസെടുത്തു. കഴിഞ്ഞ എട്ട് മാസത്തിനിടെ പൊലീസ് കസ്റ്റഡിയില്‍ 11 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ചാണ് നടപടി സ്വീകരിച്ചത്. പല സ്റ്റേഷനുകളിലും സിസിടിവി ഇല്ലാത്തത് ഗുരുതരമാണെന്നും കോടതി നിരീക്ഷിച്ചു.
2020-ല്‍ ജസ്റ്റിസുമാരായ റോഹിന്റണ്‍ ഫാലി നരിമാന്‍, കെ.എം. ജോസഫ്, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച വിധിപ്രകാരം രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി സ്ഥാപിക്കുന്നത് നിര്‍ബന്ധിതമായിരുന്നു. എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ലക്ഷ്യമാക്കി സുപ്രീംകോടതി ഉത്തരവ് നല്‍കിയിരുന്നു.
അതേസമയം, സിബിഐ, എന്‍ഐഎ, ഇഡി, എന്‍സിബി, ഡിആര്‍ഐ, എസ്എഫ്ഐഒ എന്നീ പ്രധാന അന്വേഷണ ഏജന്‍സികളുടെ ഓഫീസുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇത്രയും നടപടികള്‍ക്ക് ശേഷവും പല സ്ഥലങ്ങളിലും സിസിടിവി സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ പുതിയ ഇടപെടല്‍.