by webdesk2 on | 04-09-2025 11:19:03
തൃശൂര്‍: കുന്നംകുളം പോലീസ് സ്റ്റേഷനിലെ മൂന്നാംമുറയില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കിയില്ലെങ്കില്‍ വലിയ പ്രതിഷേധങ്ങള്‍ നേരിടേണ്ടി വരുമെന്ന് സതീശന്‍ മുന്നറിയിപ്പ് നല്‍കി.
ഒരു തീവ്രവാദ ക്യാമ്പില്‍ പോലും കാണാത്ത ക്രൂരതയാണ് കുന്നംകുളം പോലീസ് സ്റ്റേഷനില്‍ നടന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഡി.ഐ.ജി നല്‍കിയ മറുപടിയില്‍ തൃപ്തനല്ലെന്നും, ഡി.ഐ.ജി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തെപ്പോലെ പെരുമാറരുതെന്നും സതീശന്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടി സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു. രാഹുലിനെതിരെ എടുത്ത നടപടികള്‍ ശരിയാണെന്നും, അത് കൂട്ടായ തീരുമാനത്തിന്റെ ഭാഗമാണെന്നും സതീശന്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ ഭയപ്പെടുന്നില്ലെന്നും, നിലപാടില്‍ നിന്ന് പിന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി.എം പറഞ്ഞതുപോലെ ന്യായീകരണത്തിന് കോണ്‍ഗ്രസ് തയ്യാറായില്ലെന്നും സതീശന്‍ പറഞ്ഞു. രാഹുല്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന്, കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.