by webdesk2 on | 04-09-2025 08:55:05 Last Updated by webdesk2
തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ് സുജിത്തിന് കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ മര്‍ദനമേറ്റ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. മര്‍ദനം സ്ഥിരീകരിക്കുന്നതാണ് റിപ്പോര്‍ട്ട്. ക്രൈം റെക്കോര്‍ഡ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണര്‍ സേതു കെ.സി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
പൊലീസുകാര്‍ സുജിത്തിനെ സ്റ്റേഷനില്‍ എത്തിച്ചു മര്‍ദിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ കണ്ടെത്തല്‍. സ്റ്റേഷനില്‍ എത്തുന്നതിനുമുമ്പ് വഴിയില്‍ നിര്‍ത്തി മര്‍ദിച്ചു എന്ന ആരോപണവും റിപ്പോര്‍ട്ട് ശരിവെക്കുന്നു. ഒറീന ജംഗ്ഷനില്‍ ജീപ്പ് നിര്‍ത്തി മര്‍ദിച്ചു എന്നതായിരുന്നു ആരോപണം.
ജിഡി ചാര്‍ജ് ഉണ്ടായിരുന്ന ശശിധരന്‍ സ്റ്റേഷന് പുറത്തുനിന്ന് നടന്നുവരുന്നത് മര്‍ദനം നടന്നു എന്നതായി കരുതാം എന്നതാണ് നിഗമനം. സ്റ്റേഷന്റെ മുകളിലത്തെ നിലയില്‍ എത്തിച്ച് എസ്‌ഐയുടെ നേതൃത്വത്തില്‍ മര്‍ദനം നടന്നിട്ടുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം. ചൂരലുമായി എസ്‌ഐയുടെ നേതൃത്വത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മുകളിലേക്ക് പോയെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അടിമുടി പൊലീസ് വീഴ്ച എണ്ണിപ്പറയുന്നതാണ് അന്വേഷണ റിപ്പോര്‍ട്ട്.
അതേസമയം അതിക്രൂര മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വരികയും സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയരുകയും ചെയ്തിട്ടും ആഭ്യന്തരവകുപ്പ് നടപടികള്‍ സ്വീകരിക്കാത്തില്‍ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്ന സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം. .