by webdesk2 on | 03-09-2025 01:06:23 Last Updated by webdesk2
ആഗോള അയ്യപ്പ സംഗമം നടത്തുന്നതില്‍ സുതാര്യതയില്ലെന്ന് ഹൈക്കോടതി. അയ്യപ്പന്റെ പേരില്‍ സ്വകാര്യ വ്യക്തികളില്‍ നിന്ന് പണം പിരിക്കുന്നത് ശരിയാണോ എന്ന് ആലോചിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സ്‌പോണ്‍സര്‍ഷിപ്പിലൂടെ പരിപാടി നടത്തുന്നത് ഞെട്ടിക്കുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു. ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഈ ഇടപെടല്‍.
ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ടാണ് അയ്യപ്പ സംഗമം നടത്തുന്നത് എന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍, പ്ലാറ്റിനം ജൂബിലിയുമായി അയ്യപ്പ സംഗമത്തിന് എന്ത് ബന്ധമാണുള്ളതെന്ന് കോടതി തിരിച്ച് ചോദിച്ചു. പരിപാടിയുടെ നടത്തിപ്പ് രീതിയെക്കുറിച്ചും സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും വ്യക്തതയില്ല. പരിപാടിയുടെ സാമ്പത്തിക ചെലവുകളും ഫണ്ട് സമാഹരണവും സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങിയ അവധിക്കാല ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഈ ഹര്‍ജിയില്‍ ദേവസ്വം ബെഞ്ച് ഒന്‍പതാം തീയതി വിശദമായ വാദം കേള്‍ക്കും.