by webdesk2 on | 03-09-2025 10:57:45
വാഷിങ്ടണ്‍: ഇന്ത്യ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തീരുവ ഈടാക്കുന്ന രാജ്യങ്ങളില്‍ ഒന്നാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യ ഞങ്ങളില്‍ നിന്ന് വലിയ തീരുവ ഈടാക്കിയിരുന്നു. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തീരുവകളില്‍ ഒന്നായിരുന്നു അത്. അതുകൊണ്ടാണ് യുഎസ് ഇന്ത്യയുമായി കൂടുതല്‍ വ്യാപാരം നടത്താതിരുന്നത്, ട്രംപ് പറഞ്ഞു.
ഹാര്‍ലി-ഡേവിഡ്സണ്‍ ബൈക്കുകളുടെ ഉദാഹരണം ചൂണ്ടിക്കാട്ടി അദ്ദേഹം ഈ വിഷയത്തില്‍ വിശദീകരണം നല്‍കി. ഹാര്‍ലി-ഡേവിഡ്സണ്‍ ബൈക്കുകള്‍ക്ക് 200 ശതമാനം തീരുവ ചുമത്തിയതിനാല്‍ അവ ഇന്ത്യയില്‍ വില്‍ക്കാന്‍ കമ്പനിക്ക് സാധിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്ന് കമ്പനി ഇന്ത്യയില്‍ ഒരു പ്ലാന്റ് സ്ഥാപിക്കാന്‍ നിര്‍ബന്ധിതരായി എന്നും, അതുവഴി ഉയര്‍ന്ന തീരുവ ഒഴിവാക്കാന്‍ അവര്‍ക്ക് കഴിഞ്ഞുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുമായി അമേരിക്കയ്ക്ക് നല്ല ബന്ധമാണുള്ളതെന്നും എന്നാല്‍ ഉയര്‍ന്ന തീരുവ കാരണം ഈ ബന്ധം വര്‍ഷങ്ങളായി ഏകപക്ഷീയമായിരുന്നെന്നും ട്രംപ് അഭിപ്രായപ്പെട്ടു. താന്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ് ഈ ബന്ധത്തില്‍ മാറ്റങ്ങളുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയ്ക്കു മേല്‍ ചുമത്തിയ ചില തീരുവകള്‍ പിന്‍വലിക്കുന്നത് പരിഗണിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ഇല്ല, ഞങ്ങള്‍ ഇന്ത്യയുമായി വളരെ നല്ല ബന്ധം പുലര്‍ത്തുന്നുണ്ട്, എന്നായിരുന്നു ട്രംപിന്റെ മറുപടി.