by webdesk2 on | 02-09-2025 08:33:31 Last Updated by webdesk2
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയെത്തുടര്‍ന്ന് ജനജീവിതം ദുരിതത്തില്‍. ഡല്‍ഹിയില്‍ യമുന നദി അപകടനിലയ്ക്ക് മുകളിലെത്തിയതിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പഞ്ചാബില്‍ പ്രളയക്കെടുതി തുടരുകയാണ്. സംസ്ഥാനത്ത് ഇതുവരെ 29 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. സൈന്യം ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
പഞ്ചാബിലെ 12 ജില്ലകളിലായി രണ്ടര ലക്ഷത്തിലധികം ആളുകളെയാണ് പ്രളയം നേരിട്ട് ബാധിച്ചത്. ഈ ഓഗസ്റ്റ് മാസത്തില്‍ മാത്രം 253 മില്ലിമീറ്റര്‍ മഴയാണ് സംസ്ഥാനത്ത് പെയ്തത്. ഇത് സാധാരണയായി ലഭിക്കേണ്ട മഴയുടെ അളവിനേക്കാള്‍ 75% കൂടുതലാണ്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബ് മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിക്കുകയും, ആവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.
അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം കാരണം ഒഡിഷയില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഹിമാചല്‍ പ്രദേശ്, ജമ്മു, കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഹിമാചലില്‍ മഴയെ തുടര്‍ന്ന് തകര്‍ന്ന റോഡുകള്‍ പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ തുടരുകയാണ്. ഇന്നും സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.