by webdesk3 on | 01-09-2025 08:11:42 Last Updated by webdesk2
പട്ന: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ബിഹാറില്‍ ആരംഭിച്ച വോട്ടര്‍ അധികാര്‍ യാത്ര ഇന്ന് സമാപിക്കും. പട്നയിലെ ഗാന്ധി മൈതാനത്ത് നിന്ന് രാവിലെ 11 മണിക്ക് ആരംഭിക്കുന്ന പദയാത്ര അംബേദ്കര്‍ പാര്‍ക്കില്‍ അവസാനിക്കും. ഇന്ത്യാ സഖ്യത്തിലെ പ്രമുഖ നേതാക്കള്‍ സമാപനയാത്രയില്‍ അണിചേരും.
വോട്ടര്‍ പട്ടികയില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായി തെളിവുകള്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി ഓഗസ്റ്റ് 17-ന് സാസ്‌റാമില്‍ നിന്ന് യാത്ര ആരംഭിച്ചത്. വോട്ടു കൊള്ളയ്ക്കും വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ക്കും എതിരെ സംഘടിപ്പിച്ച പ്രതിഷേധം ബിഹാറിലെ 110 നിയമസഭാ മണ്ഡലങ്ങളിലൂടെ 14 ദിവസം നീണ്ടുനിന്നു. നഗര-ഗ്രാമ മേഖലകളില്‍ ഒരുപോലെ വലിയ ജനപിന്തുണയാണ് യാത്രയ്ക്ക് ലഭിച്ചത്.
യാത്രക്കിടെ രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയ്ക്കും എതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് 89 ലക്ഷം പരാതികള്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ അവയെല്ലാം തള്ളിക്കളഞ്ഞുവെന്നും ആരോപിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതികള്‍ ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ്.
1300 കിലോമീറ്റര്‍ പിന്നിട്ടാണ് യാത്ര പട്നയില്‍ എത്തിയത്. സമാപന പദയാത്രയില്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ എന്നിവരും പങ്കെടുക്കും. ബിഹാറിലെ ഈ യാത്ര വലിയ രാഷ്ട്രീയ വിജയമായിരുന്നുവെന്നാണ് വിലയിരുത്തല്‍. രാജ്യവ്യാപകമായ വോട്ടര്‍ അവകാശ സംരക്ഷണ പ്രക്ഷോഭങ്ങള്‍ക്ക് ശക്തി നല്‍കാനാണ് ഇന്ത്യാ സഖ്യത്തിന്റെ നീക്കം.