by webdesk3 on | 01-09-2025 08:02:53 Last Updated by webdesk2
ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില കുറച്ചതായി എണ്ണക്കമ്പനികള്‍ അറിയിച്ചു. എന്നാല്‍ ഗാര്‍ഹികോപയോഗത്തിനുള്ള പാചകവാതകത്തിന്റെ നിരക്കില്‍ മാറ്റമില്ല.
19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 51.50 രൂപയാണ് കുറച്ചത്. ആഗസ്റ്റ് 31-നു അര്‍ധരാത്രിയോടെയാണ് എണ്ണക്കമ്പനികളുടെ പ്രഖ്യാപനം ഉണ്ടായത്. ഇന്ന് മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 1,580 രൂപയായി.
ഗാര്‍ഹികോപയോഗത്തിനുള്ള 14.2 കിലോ എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് കമ്പനികള്‍ വ്യക്തമാക്കി.
ജൂലൈ ഒന്നിന് 58.50 രൂപയും, ആഗസ്റ്റില്‍ 33.50 രൂപയും കുറച്ചതിന് പിന്നാലെയാണ് ഇത്തവണയും വാണിജ്യ എല്‍പിജി നിരക്കില്‍ ഇളവ് വരുത്തിയത്. ഇതിന് മുമ്പ് ജൂണില്‍ 24 രൂപ, ഏപ്രിലില്‍ 41 രൂപ, ഫെബ്രുവരിയില്‍ 7 രൂപ എന്നിവ കുറച്ചിരുന്നു. എന്നാല്‍ മാര്‍ച്ചില്‍ ഏകദേശം ആറുരൂപയോളം വില കൂട്ടിയിരുന്നു.