by webdesk3 on | 31-08-2025 01:10:13 Last Updated by webdesk2
തലസ്ഥാന നഗരിയായ ഡല്‍ഹിയെ ആശങ്കയിലാക്കി യമുന നദിയിലെ ജലനിരപ്പ് അപകടനില കടന്നു. ഹരിയാനയിലെ ഹത്നികുണ്ഡ് ബാരേജില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വന്‍തോതില്‍ വെള്ളം തുറന്നുവിട്ടതിനെത്തുടര്‍ന്നാണ് നദിയിലെ ജലനിരപ്പ് 205.33 മീറ്റര്‍ മറികടന്ന് ഒഴുകുന്നത്.
ജലനിരപ്പ് ഉയരുന്നതോടെ നദീതീരങ്ങളില്‍ താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളെ ഡല്‍ഹി സര്‍ക്കാര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിത്തുടങ്ങി. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളും ചേരികളും ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. ദുരന്ത നിവാരണ സേനയും പോലീസും സംയുക്തമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ കനത്ത മഴയാണ് യമുനയിലെ ജലനിരപ്പ് കുതിച്ചുയരാന്‍ കാരണമായത്. ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ജലകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായി തുടരുകയാണെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഡല്‍ഹി മുഖ്യമന്ത്രി അറിയിച്ചു. നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി അനുസരിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.
2013-ലെ പ്രളയത്തിന് ശേഷം ആദ്യമായാണ് ഡല്‍ഹിയില്‍ യമുന നദിയിലെ ജലനിരപ്പ് ഇത്ര ഉയരുന്നത്.